ന്യൂഡൽഹി; കോൺഗ്രസിലെ ഉൾപ്പോര് രാഷ്ട്രീയത്തെ കുറിച്ച് വെളിപ്പെടുത്തി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആസാദ് എന്ന പേരിൽ പുറത്തിറക്കിയ ആത്മകഥയിലാണ് കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അറിയാക്കഥകൾ വെളിപ്പെടുത്തുന്നത്. കോൺഗ്രസിനെ ഗ്രൂപ്പ് പോരിൽ മനം മടുത്ത് മുസ്ലീം ലീഗ് പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കാറാൻ ശ്രമിച്ചുവെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ഗുലാം നബിയുടെ വെളിപ്പെടുത്തൽ.
കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ മനംമടുത്താണ് 2001ൽ ലീഗ് മുന്നണി വിടാനൊരുങ്ങിയത്. എൽഡിഎഫിലേക്ക് പോകാനായിരുന്ന നീക്കം. പാണക്കാട് തങ്ങളുമായി താൻ നടത്തിയ ചർച്ചയെത്തുടർന്നാണ് ലീഗ്, യുഡിഎഫിൽ ഉറച്ചുനിന്നതെന്നും ഗുലാംനബി ആസാദ് പറയുന്നു.
ആത്മകഥയിൽ നിന്ന്
സോണിയാ ഗാന്ധിയ്‌ക്കൊപ്പം ബംഗളൂരുവിൽ ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു താൻ. ഈ സമയം കേരളത്തിലെ ഒരു പ്രവർത്തകൻ ഫോണിൽ വിളിക്കുന്നു.
ലീഗുമായുള്ള സഖ്യം എൽഡിഎഫ് വരുന്ന ദിവസം തന്നെ പ്രഖ്യാപിക്കുമെന്നായിരുന്നു വിവരം. ഇതേ കുറിച്ച് നേരത്തെ തന്നെ ചിലരിൽ നിന്നായി സൂചന ലഭിച്ച താൻ സോണിയാ ഗാന്ധിയോട് ഡൽഹിയിലേക്ക് ഒപ്പം വരാനില്ലെന്നും കോഴിക്കോടേക്ക് പോവുകയാണെന്നും അറിയിച്ചു.
അടുത്ത വിമാനത്തിന് തന്നെ കോഴിക്കോട് എത്തി, അവിടെ നിന്ന് പാണക്കാടേക്ക് പോയി. പാണക്കാട് ശിഹാബ് തങ്ങൾ തന്നെ കണ്ട് ശരിക്കും ഞെട്ടി. പിറ്റേന്ന് പെരുന്നാൾ ദിനമായിരുന്നു. അത്താഴ സമയത്ത് തങ്ങളുമായി രാഷ്ട്രീയ ചർച്ചകൾ നടത്തുകയുണ്ടായി. ഈ സമയം കെ കരുണാകരനും എ കെ ആന്റണിയുമായുള്ള ഗ്രൂപ്പ് യുദ്ധത്തിൽ മടുത്തുവെന്ന് തങ്ങൾ തുറന്നു പറഞ്ഞു. പ്രശ്നപരിഹാരത്തിന് താൻ മുൻകൈയെടുക്കുമെന്ന് ഉറപ്പുനൽകി.
പിറ്റേന്ന് പെരുന്നാൾ നമസ്‌കാരത്തിന് തന്നെ തങ്ങളോടൊപ്പം കണ്ട മാദ്ധ്യമപ്രവർത്തകർ എന്റെ സന്ദർശനത്തെക്കുറിച്ച് ചോദിച്ചു. പെരുന്നാൾ ആശംസകൾ അറിയിക്കാൻ എത്തിയതാണെന്നും വരുന്ന തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുമെന്നും മറുപടി നൽകിയെന്ന് ഗുലാം നബി ആസാദ് പറയുന്നു.
Discussion about this post