ചൊക്ലി: ഗൃഹപ്രവേശന ചടങ്ങിനെത്തിയ കുട്ടിയുടെ സ്വർണമാല തന്ത്രപരമായി കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. പെരിങ്ങത്തൂർ കേളേത്ത് രവീഷിനെ(35) ആണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. നാല് വയസ്സുകാരനായ കുട്ടിയെ ഓമനിക്കാനെന്ന മട്ടിൽ എടുത്ത ശേഷമാണ് ഇയാൾ മാല കവർന്നത്. ഗുരുജി മുക്കിനടുത്ത് താമസിക്കുന്ന രവീഷിന്റെ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങായിരുന്നു ഇത്.
പെരിങ്ങളം പ്രാഥമികരോഗ്യ കേന്ദ്രത്തിനടുത്തുള്ള പുതിയ വീട്ടിലാണ് സംഭവം. അടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ആശുപത്രി ആവശ്യത്തിനെന്ന വ്യാജേന നാദാപുരത്തെ ഒരു കടയിൽ മാല വിൽക്കുകയായിരുന്നു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഓടിക്കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തന്ത്രപൂർവ്വം അടുത്ത് വരുത്തിയാണ് മാല കവരുന്നത്. തലശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Discussion about this post