ന്യൂഡൽഹി: കൊടുംകുറ്റവാളി അതീഖ് അഹമ്മദിന് പാകിസ്താനി ഭീകരസംഘടനകളുമായി അടുത്ത ബന്ധമെന്ന് ഉത്തർ പ്രദേശ് പോലീസ്. പാക് ചാര സംഘടനയായ ഐ എസ് ഐയുമായി താൻ നിരന്തരം ബന്ധം പുലർത്തിയിരുന്നതായി അതീഖ് അഹമ്മദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും ഉത്തർ പ്രദേശ് പോലീസ് അറിയിച്ചു.
പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്കുള്ള ആയുധക്കടത്തിലെ തന്റെ പങ്കും അതീഖ് അഹമ്മദ് സമ്മതിച്ചു. ഡ്രോണുകളുടെ സഹായത്തോടെയാണ് പാകിസ്താനിൽ നിന്നും പഞ്ചാബ് അതിർത്തിയിൽ ആയുധങ്ങൾ നിക്ഷേപിച്ചിരുന്നത്. ഇവ പിന്നീട് പ്രാദേശിക സഹായികളുടെ പിന്തുണയോടെ ശേഖരിച്ചിരുന്നു. ജമ്മു കശ്മീരിലെ ഭീകരരുടെ പക്കൽ ഇപ്രകാരമാണ് ആയുധങ്ങൾ എത്തിയിരുന്നതെന്നും അതീഖ് അഹമ്മദ് പോലീസിനോട് വെളിപ്പെടുത്തി.
തന്നെ അതിർത്തിയിലേക്ക് കൂട്ടിക്കൊണ്ട് പോയാൽ, പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് ആയുധങ്ങളും കള്ളനോട്ടും വരുന്ന വഴി കാട്ടിത്തരാമെന്നും അതീഖ് അഹമ്മദ് അറിയിച്ചതായി യുപി പോലീസ് വ്യക്തമാക്കുന്നു. അതീഖ് അഹമ്മദിന്റെ കുറ്റസമ്മതം അടങ്ങിയ കുറ്റപത്രം ഉത്തർ പ്രദേശ് പോലീസ് പ്രയാഗ് രാജ് കോടതിയിൽ സമർപ്പിച്ചു.
ഉമേഷ് പാൽ കൊലക്കേസിൽ നിലവിൽ ജയിലിൽ കഴിയുകയാണ് അതീഖ് അഹമ്മദ്. ഇയാളുടെ മകൻ അസദ് അഹമ്മദിനെയും കൂട്ടാളിയെയും ഉത്തർ പ്രദേശ് പോലീസിലെ പ്രത്യേക ദൗത്യ സേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ജയിൽ മാറ്റത്തിനിടെ പോലീസിനെ ആക്രമിച്ച് അതീഖിനെ മോചിപ്പിക്കാൻ മകൻ പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
Discussion about this post