പാർക്കുകളിൽ പോകുമ്പോൾ അൽപ്പം അഡ്വഞ്ചറസ് ആയിട്ടുള്ള റൈഡുകളിൽ കയറാനാണ് നമ്മളിൽ പലർക്കും താത്പര്യം. കയറുമ്പോൾ അത്യാവശ്യം പേടിയുണ്ടാകുമെങ്കിലും ഭൂരിപക്ഷം പേർക്കും ഇഷ്ടം ഇത്തരം റൈഡുകളാണ്. സുരക്ഷിതമാണെന്ന ഉറപ്പിൽ തന്നെയാണ് ഇതിലേക്ക് കയറുന്നതും. അങ്ങനെ കയറി യാത്രയുടെ പകുതി വച്ച് എന്തെങ്കിലും സംഭവിച്ചാൽ എന്താകും നിങ്ങളുടെ അവസ്ഥ. അത്തരമൊരു സാഹചര്യത്തിലൂടെയാണ് യുകെയിലെ ഒരു സംഘം വിനോദ സഞ്ചാരികൾ കഴിഞ്ഞ ദിവസം കടന്നു പോയത്.
യുകെയിലെ ഏറ്റവും ഉയരമുള്ള റോളർകോസ്റ്ററിൽ കയറിയ യാത്രക്കാർക്ക് റൈഡ് ഇടയ്ക്ക് വച്ച് നിർത്തിയതിന്റെ പേരിൽ ട്രാക്കിലൂടെ നടന്ന് താഴേക്ക് ഇറങ്ങേണ്ടി വന്നു. ശക്തമായ കാറ്റിനെ തുടർന്നാണ് റൈഡിന്റെ പ്രവർത്തനം നിർത്തിയത്. ഒടുവിൽ കുത്തനെയുള്ള ചെരുവിലൂടെയാണ് റൈഡിൽ കയറിയവർ നടന്ന് ഇറങ്ങിയത്. യുകെയിലെ പ്രശസ്തമായ ബ്ലാക്പൂൾ പ്രഷർ ബീച്ചിലാണ് സംഭവം.
സുരക്ഷാ കാരണങ്ങളാലാണ് റൈഡ് ഇടയ്ക്ക് വച്ച് നിർത്തേണ്ടി വന്നത്. ഈ സമയം
235 അടി ഉയരമുള്ള പ്രധാനപ്പെട്ട ചെരിവിലൂടെയാണ് റൈഡ് പൊയ്‌ക്കൊണ്ടിരുന്നത്. റൈഡ് നിർത്തിയതിന് പിന്നാലെ തീം പാർക്ക് ജീവനക്കാർ ഇവിടേക്ക് എത്തുകയും ട്രാക്കിലൂടെ സുരക്ഷിതമായി നടന്നു നീങ്ങാൻ സഹായിക്കുകയുമായിരുന്നു. 180 അടി ഉയരത്തിൽ നിന്നാണ് ഇവർ താഴേക്ക് ഇറങ്ങിയത്. അടുത്ത ദിവസങ്ങളിലൊന്നും റൈഡ് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
റോളർ കോസ്റ്ററിന്റെ കുത്തനെയുള്ള ട്രാക്കിലൂടെ യാത്രക്കാർ താഴേക്ക് ഇറങ്ങുന്നതിന്റെ നിരവധി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിലും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്നും ഇതേപോലെ യാത്രക്കാരെ ട്രാക്കിലൂടെ നടത്തിച്ച് താഴേക്ക് എത്തിക്കുകയായിരുന്നു.













Discussion about this post