ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,109 പുതിയ കൊറോണ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 49,622 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 236 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. 29 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ മരണസംഖ്യ 5,31,064 ആയി ഉയർന്നു. ഇന്നലത്തേതിലും ഒൻപത് ശതമാനം അധികമാണ് ഇന്ന് റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം.
ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മൂന്നും ഛത്തീസ്ഗഡ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ രണ്ടും ഹിമാചൽ പ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പുതുച്ചേരി, തമിഴ്നാട്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഓരോ മരണം വീതവുമാണ് സ്ഥിരീകരിച്ചത്.
ഒമിക്രോണിന്റെ എക്‌സ്ബിബി1.16 വകഭേദമാണ് പടരുന്നതെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, എന്നാൽ വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ പറഞ്ഞു. ബൂസ്റ്റർ ഡോസുകൾ എടുക്കാനുള്ളവർ എത്രയും വേഗം സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
അടുത്ത 10-12 ദിവസത്തേക്ക് കൂടി സമാനമായ രീതിയിൽ രാജ്യത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നും അതിന് ശേഷം കുറയുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ കേസുകളുടെ കുതിച്ചുചാട്ടം പുതിയ തരംഗമല്ലെന്നാണ് വിലയിരുത്തൽ. രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുവരുടെ എണ്ണം കുറവായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Discussion about this post