മുംബൈ: ഐപിഎൽ സൗജന്യ സംപ്രേഷണം രണ്ടാഴ്ച പിന്നിടുമ്പോൾ ഒടിടിയിൽ റെക്കോർഡ് കാഴ്ചക്കാരെ സ്വന്തമാക്കി ജിയോ സിനിമ. ഐപിഎല്ലിന്റെ ആദ്യ വാരാന്ത്യത്തിൽ ജിയോ സിനിമക്ക് ലഭിച്ചത് 147 കോടി വീഡിയോ വ്യൂസ് എന്ന റെക്കോർഡ് നേട്ടമാണ്. ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഉദ്ഘാടന മത്സരം ജിയോ സിനിമയിലൂടെ കണ്ടത് 1.6 കോടി കാഴ്ചക്കാരാണ്.
കൂടാതെ, ബുധനാഴ്ച നടന്ന ചെന്നൈ- രാജസ്ഥാൻ പോരാട്ടം കണ്ടത് 22 മില്ല്യൺ കാണികളാണ്. ജിയോ സിനിമയിൽ 2.5 കോടിയിലധികം പേരാണ് ഇതിനകം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ദിവസം ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്ത ആപ്പ് എന്ന റെക്കോർഡും ഈ ഐപിഎൽ സീസണിൽ റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 അവതരിപ്പിക്കുന്ന ജിയോ സിനിമ സ്വന്തമാക്കി.
ഈ സാഹചര്യത്തിലാണ് കണ്ടന്റിന് ചാർജ് ഈടാക്കി പ്ലാറ്റ്ഫോം പരിഷ്കരിക്കാനുള്ള നീക്കം ജിയോ സിനിമ ആരംഭിച്ചിരിക്കുന്നത്. നിലവിൽ ലഭ്യമായിട്ടുള്ളവക്ക് പുറമേ നൂറിലധികം സിനിമകളും ടിവി പരമ്പരകളും ഉടൻ ജിയോ സിനിമയിൽ ലഭ്യമാകും എന്നാണ് വിവരം. നെറ്റ്ഫ്ലിക്സ്, വാൾട്ട് ഡിസ്നി, ആമസോൺ തുടങ്ങിയ ആഗോള ഭീമന്മാർക്ക് വെല്ലുവിളി ഉയർത്തുന്ന ഇന്ത്യൻ ഒടിടി പ്ലാറ്റ്ഫോം എന്നതാണ് റിലയൻസിന്റെ ലക്ഷ്യം.
മെയ് 28ന്, ഐപിഎൽ സീസൺ അവസാനിക്കുന്നതിന് മുൻപായി കണ്ടന്റ് പരിഷ്കരണം ഉണ്ടാകുമെന്ന് റിലയൻസ് മീഡിയ പ്രസിഡന്റ് ജ്യോതി ദേശ്പാണ്ഡേ, ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ചെറിയ തോതിലുള്ള താരിഫ് നിരക്ക് മാത്രമായിരിക്കും ഏർപ്പെടുത്തുകയെന്നും അവർ പറഞ്ഞു. 2022 ലോകകപ്പ് ഫുട്ബോൾ സൗജന്യമായി സംപ്രേഷണം ചെയ്തുകൊണ്ട് രംഗത്ത് വന്ന ജിയോ സിനിമ ആപ്പിന് വലിയ സ്വീകാര്യതയാണ് നിലവിൽ പ്രേക്ഷകർക്കിടയിൽ ഉള്ളത്.
അതേസമയം, കൊവിഡ് നിയന്ത്രണകാലത്തിന് ശേഷം വന്ന ഐപിഎൽ 2023 സീസൺ വാണിജ്യപരമായി വൻ വിജയമാകുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒടിടി സംപ്രേഷണത്തിൽ മാത്രമല്ല, ടിക്കറ്റ് വിൽപ്പനയിലും പരസ്യ വരുമാനത്തിലും ടെലിവിഷൻ വ്യൂവർഷിപ്പിലും ഈ സീസൺ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. വാൾട്ട് ഡിസ്നിയുടെ സഹ ഉടമസ്ഥതയിലുള്ള സ്റ്റാർ സ്പോർട്സ് ആണ് ഐപിഎല്ലിന്റെ ടെലിവിഷൻ സംപ്രേഷണ അവകാശികൾ.
Discussion about this post