ലക്‌നൗ: ഉമേഷ് പാലിനെയും അദ്ദേഹത്തിന് സുരക്ഷയൊരുക്കിയിരുന്ന പോലീസുകാരെയും വധിക്കാൻ ആതിഖ് അഹമ്മദും കൂട്ടാളികളും വാങ്ങിയത് 12 വിദേശ നിർമിത തോക്കുകൾ. രാജസ്ഥാനിൽ നിന്നുളള ഒരു വിൽപനക്കാരനിൽ നിന്നാണ് തോക്കുകളും അതിന്റെ വെടിയുണ്ടകളും വാങ്ങിയതെന്ന് ആതിഖിന്റെ ഭാര്യാസഹോദരൻ ഡോ. അഖ്‌ലാഖ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ആതിഖിനും സംഘത്തിനുമെതിരെ ശക്തമായ തെളിവുകളാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഖ്‌ലാഖിനെ മീററ്റിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളുടെ രണ്ട് സഹായികളെ ഡൽഹിയിൽ നിന്നും പോലീസ് പിടിച്ചിരുന്നു.
ഫെബ്രുവരി 24 ന് പ്രയാഗ് രാജിൽ വെച്ചാണ് ഉമേഷ് പാൽ കൊല്ലപ്പെടുന്നത്. പ്രയാഗ് രാജിൽ 2005 ൽ ബിഎസ്പി എംഎൽഎ രാജു പാൽ കൊല്ലപ്പെട്ട കേസിലെ മുഖ്യസാക്ഷിയായിരുന്നു അഭിഭാഷകനായ ഉമേഷ് പാൽ. രാജു പാൽ വധക്കേസിൽ ആതിഖും സഹോദരൻ അഷ്‌റഫ് എന്ന് വിളിക്കപ്പെടുന്ന ഖലീദ് അസീമും ആണ് പ്രധാന പ്രതികൾ.
രണ്ട് മാസത്തോളമെടുത്താണ് ഉമേഷ് പാലിനെ കൊലപ്പെടുത്താനുളള പദ്ധതി ആതിഖും കൂട്ടരും ആസൂത്രണം ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. എട്ട് വിദേശ നിർമിത പിസ്റ്റളുകളും നാല് റിവോൾവറുകളുമാണ് വാങ്ങിയത്. ഇതിന് മാത്രം ഒരു കോടിയോളം രൂപയായി. രാജസ്ഥാനിലെ ഒരു തോക്ക് വിൽപനക്കാരനിൽ നിന്നാണ് ഇടപാട് നടത്തിയത്.
ഉമേഷ് പാൽ കൊലക്കേസിലെ മറ്റൊരു പ്രതിയായ ഗുഡ്ഡു മുസ്ലീമാണ് ആയുധങ്ങൾ വാങ്ങിയത്. ആയുധങ്ങൾ അനധികൃതമായിട്ടാണ് വാങ്ങിയതെങ്കിൽ 8 മുതൽ 12 ലക്ഷം രൂപ വരെ വില വരും ഓരോന്നിനും. രണ്ട് ഘട്ടമായിട്ടാണ് ആയുധങ്ങൾ വാങ്ങിയത്. ഉമേഷ് പാലിനെ വധിക്കുന്ന സമയത്ത് ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഗുഡ്ഡു മുസ്ലീമാണ്.
കഴിഞ്ഞ ദിവസം പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ആതിഖിന്റെ മകൻ അസദിന്റെയും അനുയായി ഗുലാം ഹസന്റെയും പക്കൽ നിന്ന് പോലീസ് ഒരു റിവോൾവറും ഒരു പിസ്റ്റളും കണ്ടെടുത്തിരുന്നു. പി 88 വാൽഥെർ പിസ്റ്റളും ബ്രിട്ടീഷ് ബുൾഡോഗ് .455 ബോർ റിവോൾവറുമാണ് പോലീസ് കണ്ടെടുത്തത്. ബാക്കിയുളള ആയുധങ്ങൾ ഉമേഷ് പാലിനെ കൊലപ്പെടുത്താൻ നിയോഗിക്കപ്പെട്ട സംഘാംഗങ്ങളിൽ പലരുടെയും കൈകളിലാണ്.
ഉമേഷിനെ കൊലപ്പെടുത്താൻ ആറംഗ സംഘമാണ് എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് ഇത് ഉറപ്പിച്ചതും. അസദ്, ഗുലാം ഹസൻ, ഉസ്മാൻ എന്ന് വിളിക്കുന്ന വിജയ് ചൗധരി, ഗുഡ്ഡു മുസ്ലീം, അർമാൻ, സാബിർ എന്നിവരെ വീഡിയോ ദൃശ്യങ്ങളിൽ നിന്നും പോലീസ് മനസിലാക്കുകയും ചെയ്തിരുന്നു.
കൊലപാതകത്തിന് ശേഷമുളള ഒളിവ് ജീവിതത്തിനും മറ്റുമായി രണ്ട് കോടി രൂപയാണ് ഇവർക്ക് പലയിടങ്ങളിൽ നിന്നായി ലഭിച്ചതെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.
Discussion about this post