ലക്‌നൗ: അതീഖ് അഹമ്മദ് കൊല്ലപ്പെട്ട കേസിലെ പ്രതികൾ ലഹരിയ്ക്ക് അടിമയെന്ന് സൂചന. പ്രതികളിൽ ഒരാളുടെ പിതാവാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. മൂന്ന് പേരും ജോലികൾക്കൊന്നും പോയിരുന്നില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നുണ്ട്.
മകൻ കൊല നടത്തിയതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് ലവ്‌ലേഷ് തിവാരിയുടെ പിതാവ് യാഗ തിവാരി പറഞ്ഞു. പ്രയാഗ്‌രാജിലേക്ക് മകൻ പോയതായി പോലും അറിയില്ലായിരുന്നു. അവൻ ഒരു ജോലിയ്ക്കും പോയിരുന്നില്ല. ലഹരിയ്ക്ക് അടിമയായിരുന്നു. ടിവിയിൽ നിന്നാണ് കൊലപാതകത്തിന്റെ വാർത്തകൾ അറിഞ്ഞത്. തങ്ങൾക്ക് കൂടുതലായി ഒന്നും അറിയില്ലെന്നും തിവാരി കൂട്ടിച്ചേർത്തു.
കേസ് എടുത്തപ്പോഴാണ് തന്റെ സഹോദരൻ കൃത്യത്തിൽ ഉൾപ്പെട്ടതെന്ന് ബോദ്ധ്യമായതെന്ന് സണ്ണി സിംഗിന്റെ സഹോദരൻ പിന്റു സിംഗ് പറഞ്ഞു. ജീവിക്കാൻ വേണ്ടി അവൻ ഒന്നും ചെയ്തില്ല. അതീഖ് അഹമ്മദിനെയും സഹോദരനെയും കൊന്നതിൽ സണ്ണിയ്ക്ക് പങ്കുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും പിന്റു കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണ്. പ്രശസ്തരാകാൻ വേണ്ടി ചെയ്തതാണെന്നാണ് പ്രതികൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതല്ലാതെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പല വഴിയ്ക്കായാണ് സംഭവത്തിൽ അന്വേഷണം.
Discussion about this post