ലഖ്നൗ: ഉമേഷ് പാൽ കൊലക്കേസിലെ പ്രതികളിൽ 6 പേർ കൊല്ലപ്പെട്ടത് ഒന്നര മാസത്തിനിടെ. കേസിലെ നാല് പ്രതികളും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ, രണ്ട് പേരെ മൂന്നംഗ അക്രമി സംഘം വെടിവെച്ച് കൊന്നു.
ഫെബ്രുവരി 24നാണ് അഭിഭാഷകനായ ഉമേഷ് പാലും സുരക്ഷാ ഉദ്യോഗസ്ഥരും അക്രമികളുടെ വെടിയേറ്റ് മരിക്കുന്നത്. 2005ൽ ബി എസ് പി, എം എൽ എ രാജു പാലിന്റെ കൊലപാതകത്തിൽ ദൃക്സാക്ഷിയായിരുന്നു ഉമേഷ് പാൽ. അതീഖ് അഹമ്മദിന്റെ ഇളയ സഹോദരൻ ഖാലിദ് അസീമിനെ അലഹാബാദ് വെസ്റ്റ് മണ്ഡലത്തിൽ പരാജയപ്പെടുത്തി മാസങ്ങൾക്കകമാണ് രാജു പാൽ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ഉമേഷ് പാലിന്റെ ഭാര്യ ജയാ പാൽ നൽകിയ പരാതിയെ തുടർന്നാണ് സമാജ് വാദി പാർട്ടി മുൻ എം പിയും കൊടും ക്രിമിനലുമായ അതീഖ് അഹമ്മദിനെ പോലീസ് പ്രതിപ്പട്ടികയിൽ ചേർക്കുന്നത്. 2006ൽ ഉമേഷ് പാലിനെ തട്ടിക്കൊണ്ട് പോയ കേസിൽ അതീഖ് ഉൾപ്പെടെ 11 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഉമേഷ് പാൽ കൊലക്കേസിൽ അതീഖ് അഹമ്മദ്, സഹോദരൻ അഷറഫ്, ഭാര്യ ഷായിസ്ത പർവീൺ, രണ്ടുമക്കൾ, സഹായി ഗുഡ്ഡു മുസ്ലിം ഗുലാം എന്നിവർക്കൊപ്പം മറ്റ് ഒൻപത് പ്രതികളെയും ചേർത്താണ് പൊലീസ് പ്രതിപ്പട്ടിക തയ്യാറാക്കിയത്.
ഉമേഷ് കൊലക്കേസിലെ പ്രതി അർബാസിനെ ഫെബ്രുവരിയിൽ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ധുമൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പോലീസിനെ ആക്രമിച്ച അർബാസിനെതിരെ പോലീസ് വെടുവെച്ചു. വെടിയേറ്റ അർബാസിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇയാൾ മരണപ്പെട്ടു.
കേസിലെ മറ്റൊരു പ്രതിയും അതീഖ് അഹമ്മദിന്റെ വലംകൈയുമായ ഉസ്മാനെ മാർച്ചിൽ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. തുടർന്ന് മറ്റൊരു പ്രതിയായ സഫർ അഹമ്മദിന്റെ വീട് പ്രാദേശിക ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു.
ഏപ്രിൽ 13ന് പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കേസിലെ മറ്റ് പ്രതികളായ അസദ് അഹമ്മദും ഗുലാമും കൊല്ലപ്പെട്ടത്. അസദ് അഹമ്മദ് അതീഖിന്റെ മകനാണ്. അസദിന്റെ മരണത്തിന് തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസമാണ് അതീഖും സഹോദരൻ അഷറഫും വെടിയേറ്റ് മരിച്ചത്. തോക്കുധാരികളായ മൂന്ന് യുവാക്കളാണ് ഇവരെ വകവരുത്തിയത്.
ഉമേഷ് പാൽ കൊലക്കേസിൽ പ്രതിയാണ് അതീഖ് അഹമ്മദിന്റെ ഭാര്യ ഷായിസ്ത പർവീൺ. ഉമേഷ് പാലിനെ കൊലപ്പെടുത്തിയ ശേഷം കൊലയാളികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത് ഷായിസ്തയാണ് എന്നാണ് ഉത്തർ പ്രദേശ് പോലീസ് പറയുന്നത്. ഷായിസ്തയെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലം 25,000 രൂപയിൽ 50,000 രൂപയായി പോലീസ് അടുത്തയിടെ ഉയർത്തിയിരുന്നു. അസദിന്റെ സംസ്കാര ചടങ്ങുകൾക്ക് ഇവർ എത്തിയിരുന്നില്ല. അതീഖ് അഹമ്മദ് കൂടി കൊല്ലപ്പെട്ടതോടെ, ഷായിസ്ത സ്വമേധയാ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്.
Discussion about this post