പാട്ന: ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആദിഖ് അഹമ്മദിന്റെ ശരീരത്തിൽ നിന്നും എട്ട് വെടിയുണ്ടകൾ കണ്ടെത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇയാളുടെ സഹോദരൻ അഷ്റഫിന്റെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെടുത്തത്. അഷ്റഫിനേയും ആദിഖിനേയും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ലവ്‌ലേഷ് തിവാരി (22), മോഹിത് (23), അരുൺ മൗര്യ (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആദിഖിന്റെ തലയ്ക്കും നെഞ്ചിനും മുതുകിനും വെടിയേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയിലാണ് ഒരു വെടിയേറ്റത്. സംഭവസ്ഥലത്ത് വച്ച് തന്നെ ആദിഖും സഹോദരനും കൊല്ലപ്പെട്ടിരുന്നു. അഞ്ച് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്.
മാദ്ധ്യമപ്രവർത്തകരുടെ മുന്നിൽ വച്ചായിരുന്നു മൂവർ സംഘം ആക്രമണം അഴിച്ച് വിട്ടത്. ഗുണ്ടാസംഘങ്ങൾക്കിടയിൽ പ്രശസ്തി നേടുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് മൂന്ന് പേരും പോലീസിനോട് പറഞ്ഞതായി എഫ്‌ഐആറിൽ പറയുന്നു. അതേസമയം ആദിഖിന്റേയും സഹോദരന്റേയും മൃതദേഹങ്ങൾ കനത്ത പോലീസ് കാവലിൽ ഇന്നലെ സംസ്‌കരിച്ചു. കൊലപാതകങ്ങൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
Discussion about this post