കോഴിക്കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്നെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് വിട്ടയക്കപ്പെട്ട പരപ്പൻപൊയിൽ സ്വദേശി മുഹമ്മദ് ഷാഫി. ഗൾഫിൽ വെച്ചുള്ള പണമിടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയതെന്നാണ് ഷാഫിയുടെ വാദം. അന്വേഷണസംഘത്തിന് കൊടുത്ത അവസാനത്തെ മൊഴിയിലും ഷാഫി ഇതേ കാര്യമാണ് ആവർത്തിക്കുന്നത്. തട്ടിക്കൊണ്ടു പോയവർ ശാരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തിയാണ് വീഡിയോയിൽ സഹോദരനെതിരെ പറയിച്ചതെന്നും ഷാഫി അന്വേഷണ സംഘത്തിന് മൊഴി നൽകി നൽകിയിട്ടുണ്ട്.
എന്നാൽ ഷാഫിയെ തട്ടിക്കൊണ്ടു പോയതിൽ തനിക്ക് പങ്കില്ലെന്ന് കാട്ടി സാലി രംഗത്തെത്തിയിരുന്നു. നിലവിൽ സാലി ദുബായിലാണ്. ഷാഫിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോകലിന്റെ കാരണമെങ്കിലും, ഇതിന് പിന്നിൽ സ്വർണക്കടത്ത്, ഹവാല ബന്ധം ഉണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. തടവിലായിരിക്കെ ഷാഫിയുടേതായി പുറത്ത് വന്ന വീഡിയോയുടെ സത്യാവസ്ഥയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
തട്ടിക്കൊണ്ടുപോയത് കർണാടകയിലേക്ക് ആണെന്ന് ഷാഫി ഇന്നലെ മൊഴി നൽകിയിരുന്നു. 11 ദിവസം തടവിൽ പാർപ്പിച്ച ഷാഫിയെ ക്വട്ടേഷൻ സംഘം വിട്ടയക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇയാൾ തിരികെയെത്തിയത്. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
Discussion about this post