ന്യൂഡൽഹി : ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ഖാലിസ്ഥാനി ഭീകരർ പ്രതിഷേധം നടത്തിയതുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). മാർച്ച് 19ന് ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധിച്ച ഖാലിസ്ഥാനി ഭീകരർ ത്രിവർണ്ണ പതാകയെ അപമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസാണ് എൻഐഎ ഏറ്റെടുത്തത്.
ഡൽഹി പോലീസിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, ലണ്ടൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 23 ന് സ്പെഷ്യൽ സെൽ സംഭവത്തിൽ കേസെടുത്തിരുന്നു. കേസ് ആഭ്യന്തര മന്ത്രാലയം ഏപ്രിൽ 13 ന് അന്വേഷണം ഏജൻസിക്ക് കൈമാറി. ഡൽഹി പോലീസ് എഫ്‌ഐആറിൽ സിഖ് തീവ്രവാദി അവതാർ സിംഗ് എന്ന ഖണ്ഡ, ഗുർചരൺ സിംഗ്, ജസ്‌വീർ സിംഗ് എന്നിവരെ പ്രധാന പ്രതികളാക്കിയിട്ടുണ്ട്.
50-60 വിഘടനവാദികളെ നയിച്ചത് ഖണ്ഡയും ഗുർചരൺ സിംഗും ആണെന്ന് എഫ്‌ഐആറിൽ വ്യക്തമായി പരാമർശിക്കുന്നു. ജസ്വിർ സിംഗിനൊപ്പം ഈ രണ്ട് തീവ്രവാദികളും ആക്രമണത്തിൽ പങ്കെടുത്തതായി തിരിച്ചറിഞ്ഞു. ഹൈക്കമ്മീഷനെ തകർക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതും, പതാകയെ അപമാനിച്ചതും, ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ പരിക്കേൽപ്പിച്ചതും, ഇവർ നയിച്ച ജാഥയാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്.
1990-കളിൽ പഞ്ചാബിൽ ഐഎസ്‌ഐ സ്‌പോൺസർ ചെയ്‌ത ഭീകരവാദ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഖണ്ഡയുടെ മാതാപിതാക്കൾ. ഖണ്ഡയുടെ പിതാവ് കുൽവന്ത് സിംഗ് ഖുക്രാന കെഎൽഎഫ് ഭീകരനായിരുന്നു. മാതാവ് കെഎൽഎഫ് നേതാവ് ഗുർജന്ത് സിംഗ് ബുദ്ധ്സിംഗ്വാലയുമായി ബന്ധമുള്ളയാളായിരുന്നു. സ്റ്റുഡന്റ് വിസയിൽ ബ്രിട്ടനിലേക്ക് പ്രവേശിച്ച ഖണ്ഡ ഇപ്പോൾ ഇന്ത്യയിലെ തന്റെ സമുദായത്തിനെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിക്കുകയാണ്. ഈ സാഹചര്യത്തിൽ എഫ്‌ഐആറിൽ പേരുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് മോദി സർക്കാരിന്റെ തീരുമാനം.
Discussion about this post