ഹോര്‍ളിക്‌സും ബൂസ്റ്റും കുട്ടികളുടെ ആരോഗ്യത്തിന് മികച്ചതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന മറ്റ് നിരവധി പൊടികളും യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമോ. കാലങ്ങളായി ഈ ചോദ്യം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, അതിന്റെ ഉത്തരം ചര്‍ച്ച ചെയ്യപ്പെടുന്നേയില്ല. അതേസമയം കുട്ടികളുടെ ആരോ്യഗ്യത്തിന് അത്യന്താപേക്ഷിതമെന്ന പേരില്‍ പുതിയ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങുകയും ചെയ്യുന്നു. കുട്ടികളെ മയക്കുന്ന നിറവും മണവും പാക്കേജിംഗുമെല്ലാം കാരണം അവയെല്ലാം ചൂടപ്പം പോലെ വിറ്റുപോകുകയും ചെയ്യുന്നു. മറ്റൊന്നും കഴിക്കാതെ പാലില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ കലക്കിക്കുടിച്ച് ദിവസം തള്ളിനീക്കുന്ന നിരവധി കുട്ടികള്‍ നമുക്കിടയിലുണ്ട്.
ഈ സാഹചര്യത്തില്‍ ഒരിടവേളയ്ക്ക് ശേഷം പൗഡര്‍ രൂപത്തിലുള്ള ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയും വിശ്വാസ്യതയും ഓണ്‍ലൈന്‍ ലോകത്തും ഓഫ്‌ലൈന്‍ ലോകത്തുമെല്ലാം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. യഥാര്‍ത്ഥത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങളില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടോ, അതോ അവ നല്ല ഭംഗിയുള്ള പാക്കറ്റുകളില്‍ ലഭിക്കുന്ന വെറും പഞ്ചസാര മാത്രമാണോ?
പേശികളുടെ വളര്‍ച്ചയും ശരീരവളര്‍ച്ചയുമെല്ലാം മെച്ചപ്പെടുത്തുമെന്ന അവകാശവാദത്തോടെ പൗഡര്‍ രൂപത്തിലുള്ള പാലിലോ മറ്റ് പാനീയങ്ങളിലോ കലക്കി കുടിക്കുന്ന, കുട്ടികളെ ലക്ഷ്യമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിയിട്ട് ദശാബ്ദങ്ങളായി. വിറ്റാമിനുകളും പോഷകങ്ങളും ഒറ്റയടിക്ക് ശരീരത്തിലെത്താനും അങ്ങനെ വേഗത്തില്‍ വളരാനും ഇവ പാലില്‍ കലക്കി കുടിക്കാനാണ് മിക്ക ഉല്‍പ്പന്നങ്ങളുടെയും പരസ്യം പറയുന്നത്. പക്ഷേ ഇത് സത്യമാണോ
ഫുഡ് ഫാര്‍മറെന്ന പേരുള്ള, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ കഴിഞ്ഞിടെ പുറത്തുവിട്ട വീഡിയോ കുട്ടികള്‍ക്കുള്ള ഹെല്‍ത്തി ഡ്രിങ്കുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായിരുന്നു. കാഡ്‌ബെറിയുടെ നിയന്ത്രണത്തിലുള്ള േേബാണ്‍വിറ്റയില്‍ അടങ്ങിയിരിക്കുന്ന ചേരുവകളെ കുറിച്ചാണ് വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇതോടെ ന്ത്യയില്‍ വിറ്റുപോകുന്ന കുട്ടികള്‍ക്കുല്‌ള ഹെല്‍ത്ത് ഡ്രിങ്കുകളുടെ വിശ്വാസ്യത വീണ്ടും ചോദ്യചിഹ്നമായി.
പഞ്ചസാര, പഞ്ചസാര, അളവില്ലാത്ത പഞ്ചസാര
കുട്ടികളുടെ മൊത്തത്തിലുള്ള ശാരീരിക വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു എന്ന അവകാശവാദവുമായാണ് മിക്ക ഉല്‍പ്പന്നങ്ങളും വിപണിയിലെത്തുന്നതെങ്കിലും കുട്ടികള്‍ക്ക് നല്‍കാന്‍ പാടില്ലാത്ത അളവില്‍ പഞ്ചസാര ഇത്തരത്തിലുള്ള മിക്ക ഉല്‍പ്പന്നങ്ങളിലും അടങ്ങിയിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇത്തരം ഹെല്‍ത്ത് ഡ്രിങ്കുകള്‍ ചില രീതികളില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നുണ്ടെങ്കിലും അവയ്ക്ക് പല പാര്‍ശ്വഫലങ്ങളും ഉണ്ടെന്ന് ബെംഗളൂരുവിലെ അസ്റ്റര്‍ സിഎംഐ ആശുപത്രിയിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ഡയറ്റെറ്റിക്‌സ് വിഭാഗം മേധാവിയായ ഡോ.എഡ്വിന രാജ് പറയുന്നു. മരുന്ന് പോലെ തന്നെ ഇവ കഴിക്കുന്നത് ഒരളവുണ്ട്. ഓരോ പ്രായത്തിലും എത്ര അളവില്‍ നല്‍കണമെന്ന് മനസിലാക്കി വേണം ഇത്തരം പൊടികള്‍ കുട്ടികള്‍ക്ക് നല്‍കാന്‍. കുട്ടികള്‍ക്ക് ഊര്‍ജ്ജവും വിറ്റാമിനുകളും വാരിക്കോരി കൊടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും മിക്ക കമ്പനികളും അവരുടെ ഉല്‍പ്പന്നങ്ങളില്‍ പഞ്ചസാര എത്ര അളവില്‍ അടങ്ങിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നില്ലെന്ന് ഗുഡ്ഗാവിലെ സികെ ബിര്‍ള ആശുപത്രിയിലെ നവജാത ശിശുരോഗ വിദഗ്ധനായ ഡോ.സൗരഭ് ഖന്നയും പറയുന്നു. മാത്രമല്ല, അള്‍ട്ര പ്രൊസസ്ഡ് ഭക്ഷണ വിഭാഗത്തില്‍ പെടുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കുകയാണ് ഉചിതമെന്നും അദ്ദേഹം പറയുന്നു. ഇത്തരം പൊടികള്‍ കലക്കി പാനീയങ്ങള്‍ കുടിക്കുന്ന കുട്ടികള്‍ക്ക് അമിതവണ്ണവും പല്ലില്‍ പോടുകളും മറ്റ് ഗുരുതരമായ ജീവിതശൈലി പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ടെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പോഷകാഹാരങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് അല്ലെങ്കില്‍ കുട്ടികള്‍ക്ക് മതിയായ അളവില്‍ പോഷകാഹാരം നല്‍കാന്‍ നിവൃത്തിയില്ലാത്ത മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ ചുരുങ്ങിയ കാലത്തേക്ക് ഇത്തരം പൂരകാഹാരങ്ങള്‍ നല്‍കുന്നതില്‍ തെറ്റില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മക്കള്‍ പാല്‍ കുടിക്കാന്‍ വേണ്ടിയായിരിക്കും മിക്ക മാതാപിതാക്കളും ഇത്തരം പൊടികള്‍ അവര്‍ക്ക് പാലില്‍ കലക്കി കൊടുക്കുന്നത്. എന്നാല്‍ അവയില്‍ എന്തൊക്കെ ചേരുവകളാണ് ഉള്ളതെന്ന് പരിശോധിക്കാന്‍ അവര്‍ മിനക്കിടാറില്ല. വലിയ വില കൊടുത്ത് മക്കള്‍ക്കായി വാങ്ങുന്ന ഇത്തരം ചില ഉല്‍പ്പന്നങ്ങളില്‍ സോയ, നിലക്കടല, മാള്‍ടോഡെക്‌സ്ട്രിന്‍ തുടങ്ങി താരതമ്യേന വില കുറഞ്ഞ ചേരുവകളാണ് ഉണ്ടായിരിക്കുക. എന്നാല്‍ ചില ഉല്‍പ്പന്നങ്ങളില്‍ വിലകൂടിയ ചേരുവകളും ഉണ്ടാകാറുണ്ട്. ഇതില്‍ മാള്‍ടോഡെക്‌സ്ട്രിന്‍ എന്ന ചേരുവ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് കഴിക്കാന്‍ പാടില്ലാത്തതാണ്. അതേസമയം ചില ശാരീരിക പ്രശ്‌നങ്ങള്‍ക്ക് മരുന്നായും ഇത് ഉപയോഗിക്കാറുണ്ട്. എന്നാലിവിടെ എല്ലാ കുട്ടികളെയും ഒരുപോലെ പരിഗണിച്ചാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നത്.
കോവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നവയെന്ന പേരില്‍ നിരവധി ബ്രാന്‍ഡുകള്‍ ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ കഴിയുകയുള്ളുവെന്നും അല്ലാതെ എനര്‍ജി ഡ്രിങ്കുകള്‍ക്ക് അതിന് സാധിക്കില്ലെന്നും നോയിഡയിലെ ആകാശ് ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലെ മുഖ്യ ശിശുരോഗ വിദഗ്ധനായ ഡോ.സമീര്‍ പുനിയ വ്യക്തമാക്കുന്നു. ഈ ഉല്‍പ്പന്നങ്ങളുടെ കുപ്പിയുടെയോ കവറിന്റെയോ പിറകില്‍ നോക്കിയാല്‍ മിക്കവയിലെയും പ്രധാന ചേരുവ പഞ്ചസാരയാണെന്ന് മനസിലാകും.
ബദല്‍ എന്താണ്?
മിക്ക ഹെല്‍ത്ത് ഡ്രിങ്കുകളും പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. അതിനാല്‍ അത്തരം പച്ചക്കറികളും പഴങ്ങളും കഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുകയാണ് ഏറ്റവും നല്ല ബദല്‍. പരസ്യങ്ങളില്‍ പറയുന്ന അവകാശവാദങ്ങളില്‍ വീണ് ഓടിപ്പോയി മക്കള്‍ക്ക് ഇത്തരം പാനീയങ്ങള്‍ നല്‍കാതെ ഒരു ആരോഗ്യവിദഗ്ധന്റെ നിര്‍ദ്ദേശം അറിഞ്ഞതിന് ശേഷം മാത്രം അത്തരം പൂരകാഹാര ഉല്‍പ്പന്നങ്ങള്‍ മക്കള്‍ക്ക് നല്‍കുക. അതും കുറഞ്ഞ കാലയളവിലേക്ക് മാത്രം.
Discussion about this post