ഇന്ത്യൻ നഗരങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണമെന്ന ഖ്വാതി തുടർച്ചയായ 10ാം വർഷവും സ്വന്തമാക്കി ബിരിയാണി. ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണങ്ങളുടെ ലിസ്റ്റ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി പുറത്തുവിട്ടതോയാണ് ബിരിയാണി വീണ്ടും സ്റ്റാറായത്. 2025ല്‍ ഓര്‍ഡര്‍ അനുസരിച്ച് 9.3 കോടി ബിരിയാണികളാണ് സ്വിഗ്ഗി ഉപയോക്താക്കളുടെ കൈയില്‍ എത്തിച്ചത്. മിനിറ്റിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഈ വര്‍ഷം ഓരോ മിനിറ്റിലും ശരാശരി 194 ബിരിയാണി ഓര്‍ഡറുകൾ, സെക്കൻഡിൽ മൂന്നേകാൽ ബിരിയാണി വീതമാണ് സ്വിഗ്ഗി ഡെലിവറി നടത്തിയത്.ഇതിൽതന്നെ 5.77 കോടിയും കോഴി ബിരിയാണിയാണ്.സൊമാറ്റോ പോലുള്ള മറ്റ് ഡെലിവറി കമ്പനികളിലെ ഓര്‍ഡറുകള്‍ കൂട്ടാതെയുള്ള കണക്കുകളാണിതെന്ന് ഓര്‍ക്കുമ്പോഴാണ് ഇന്ത്യക്കാരുടെ ബിരിയാണിക്കൊതി എത്രമാത്രമുണ്ടെന്ന് വ്യക്തമാകുക.
ബിരിയാണി കഴിഞ്ഞാല്‍ ബര്‍ഗറിനോടാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് പ്രിയമെന്നാണ് സ്വിഗിയുടെ റിപ്പോര്‍ട്ട്. 44.2 മില്യണ്‍ ഓര്‍ഡറുകളാണ് ഈ വര്‍ഷം ബര്‍ഗറിനുവേണ്ടി ആപ്പിലെത്തിയത്. പിസയാണ് മൂന്നാം സ്ഥാനത്ത്. 4.01 കോടി പിസയാണ് ഈ വര്‍ഷം സ്വിഗ്ഗി ഉപയോക്താക്കളുടെ കൈയില്‍ എത്തിച്ചത്. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ദോശയാണ് മുന്‍പന്തിയില്‍. ഈ വര്‍ഷം ദോശയ്ക്കായി 2.62 കോടി ഓര്‍ഡറുകളാണ് സ്വിഗ്ഗിക്ക് ലഭിച്ചത്.
മധുരപലഹാരങ്ങളുടെ കാര്യത്തില്‍ വൈറ്റ് ചോക്ലേറ്റ് കേക്ക് ആണ് ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷം 69 ലക്ഷം ഓര്‍ഡര്‍ ആണ് സ്വിഗ്ഗിക്ക് ലഭിച്ചത്. ചോക്ലേറ്റ് കേക്ക് (54 ലക്ഷം), ഗുലാബ് ജാമുന് (45 ലക്ഷം), കാജു ബര്‍ഫി (20 ലക്ഷം) എന്നിവയാണ് തൊട്ടുപിന്നില്‍. മെക്സിക്കന്‍ (1.6 കോടി ഓര്‍ഡറുകള്‍), ടിബറ്റന്‍ (1.2 കോടി), കൊറിയന്‍ (47 ലക്ഷം ഓര്‍ഡറുകള്‍) ഭക്ഷണവിഭവങ്ങള്‍ ഉപഭോക്താക്കളുടെ ഇഷ്ടവിഭവങ്ങളായി മാറിയതോടെ ആഗോള ഭക്ഷണവിഭവങ്ങളും ഇന്ത്യന്‍ വിപണിയുടെ ഭാഗമായി.
അർധരാത്രി മുതൽ പുലർച്ച രണ്ടുവരെയുള്ള ലേറ്റ് നൈറ്റ് ഓർഡറുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. ഇതിൽ ഏറ്റവും കൂടുതൽ ചിക്കൻ ബർഗറാണ് -23 ലക്ഷം. രണ്ടാമത് ബിരിയാണി. 1.1 കോടി ഓർഡറുകൾ വന്ന ഇഡലിയാണ് ഏറ്റവും ജനപ്രിയ പ്രഭാതഭക്ഷണം. 96 ലക്ഷം ദോശ ഓർഡറുമുണ്ട്.










Discussion about this post