ന്യൂഡൽഹി: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സുഡാനിൽ ഇന്ത്യക്കാരെ സുരക്ഷിതരാക്കാൻ കൂടുതൽ ഇടപെടലുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. സൗദി, യുഎഇ, യുഎസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സഹായത്തോടുളള നീക്കമാണ് ഇന്ത്യ നടത്തുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് നീക്കങ്ങൾ ഏകോപിപ്പിക്കുക.
സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ, യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുളള ബിൻ സയ്യീദ് അൽ നഹ്യാൻ എന്നിവരുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. യുക്രെയ്‌നിലും അഫ്ഗാനിലും നടത്തിയതുപോലെ വിപുലമായ രക്ഷാദൗത്യമല്ല ഇന്ത്യ ലക്ഷ്യമിടുന്നത്. സുഡാനിലെ സംഘർഷം കുറച്ച് ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് വിദേശകാര്യമന്ത്രാലയത്തിന് ഉളളത്. അതുകൊണ്ടു തന്നെ ഇന്ത്യക്കാരെ താൽക്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന കാര്യമാണ് ഇപ്പോൾ പരിഗണനയിലുളളത്.
സംഘർഷം കുറച്ച് ദിവസങ്ങൾ കൂടി തുടർന്നേക്കുമെന്നും ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും സുഡാനിലെ ഇന്ത്യൻ എംബസി ഇന്നലെയും മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങളും തുടരുകയാണ്.
ഡൽഹിയിൽ കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രാലയം സുഡാനിലെ ഇന്ത്യക്കാരെ സഹായിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിരുന്നു.
Discussion about this post