ഭക്ഷണം കഴിക്കുമ്പോള്‍ ചവച്ചരയ്ക്കാന്‍ ഒരു സഹായം, ഉച്ചാരണശുദ്ധിയോടെ വര്‍ത്തമാനം പറയാന്‍ കൈത്താങ്ങ്, ചിരിക്കുമ്പോള്‍ മുഖത്തിന് നല്‍കുന്ന ഭംഗി, അത്യാവശ്യം സാധനങ്ങള്‍ കടിച്ചുമുറിക്കാനുള്ള ഉറപ്പ് പല്ലുകള്‍ കൊണ്ട് ഇതുമാത്രമാണ് പ്രയോജനം എന്ന് കരുതുന്നുണ്ടോ. എന്നാല്‍ അങ്ങനെയല്ല. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ കുറിച്ച് നിരവധി സൂചനകള്‍ നല്‍കാന്‍ പല്ലുകള്‍ക്ക് കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ വായ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിലേക്കുള്ള പ്രവേശനകവാടമാണ്. വിദഗ്ധനായ ഒരു ദന്തഡോക്ടര്‍ക്ക് ദന്താരോഗ്യം പരിശോധിച്ച് ഹൃദ്രോഗം, പ്രമേഹം, എന്തിന് ചില തരം അര്‍ബുദങ്ങളെ കുറിച്ച് വരെ സൂചനകള്‍ നല്‍കാന്‍ കഴിയും.
പ്രമേഹം കണ്ടെത്താന്‍ പല്ല് സഹായിക്കും
പിരിയോഡോണ്‍റ്റൈറ്റിസ് അഥവാ ഗുരുതരമായ മോണരോഗം പ്രമേഹത്തിന്റെ (ടൈപ്പ് 2) ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. മോണരോഗവുമായി എത്തുന്ന ഒരു രോഗിക്ക് പ്രമേഹമുണ്ടായിരിക്കാം എന്ന നിഗമനത്തില്‍ ദന്താരോഗ്യവിദഗ്ധന്‍ എത്തുന്നത് അങ്ങനെയാണ്. പ്രമേഹം ശരീരത്തിന്റെ മൊത്തത്തിലുള്ള രോഗപ്രതിരോഘ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നു. അങ്ങനെയാണ് രോഗിക്ക് മോണരോഗവും പല്ല് പൊഴിയലും ഒക്കെ ഉണ്ടാകുന്നത്.
വിശേഷമുണ്ടെങ്കിലും പല്ല് പറയും
സ്ത്രീകള്‍ക്ക് മോണകളില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുകയും അണുബാധ വരികയും ചെയ്യുകയാണെങ്കില്‍ അത് ഗര്‍ഭധാരണത്തിന്റെ സൂചനയാകാം. ഗര്‍ഭകാലത്തെ ഹോര്‍മാണ്‍ മാറ്റങ്ങള്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത് കൊണ്ടാണ് ഗര്‍ഭകാലത്ത് ദന്തരോഗങ്ങള്‍ കൂടുന്നത്. പ്രഗ്നന്‍സി ജിന്‍ജിവൈറ്റിസ് എന്ന അവസ്ഥയിലൂടെ മിക്ക ഗര്‍ഭിണികളും കടന്നുപോകാറുണ്ട്. പ്ലാക്ക് അടിയുന്നത് മൂലം മോണകള്‍ വീര്‍ക്കുകയും അവിടെ നിന്ന് രക്തം വരികയും ചെയ്യുകയും അവസ്ഥയാണിത്.
മറവിരോഗങ്ങളും അറിയാനാകും
പല്ലുകള്‍ക്കും മോണയിലും കേടും നിരന്തരം പ്രശ്‌നങ്ങളും വരുന്നുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് മറവിരോഗങ്ങളായ അല്‍ഷൈമേഴ്‌സോ ഡിമെന്‍ഷ്യയോ ഉണ്ടാകാനിടയുണ്ട. നേരത്തെ പല്ലിന് പ്രശ്‌നമുള്ളവര്‍ക്ക് അല്ലാത്തവരെ അപേക്ഷിച്ച് പ്രായമാകുമ്പോള്‍ മറവിരോഗങ്ങള്‍ ഉണ്ടാകുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ദിവസവും രണ്ട് തവണ പല്ലുതേക്കുകയും ദന്താരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്താല്‍ മറവിരോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാം.
പല്ല്, പോഷകാഹാരക്കുറവിന്റെ സിംബല്‍
പോഷകാഹാരക്കുറവ് ഉണ്ടെങ്കിലും അത് പല്ലുകളില്‍ പ്രകടമാകും. എല്ലുകള്‍ക്ക് ബലം നല്‍കുന്ന വൈറ്റമിന്‍ ഡിയുടെ അളവ് കുറഞ്ഞാല്‍ പിരിയോഡോന്റല്‍ രോഗം, പല്ലിന്റെ ആകൃതി മാറല്‍, പോട്, മോണരോഗം തുടങ്ങി പലതരത്തിലുള്ള ദന്തരോഗങ്ങള്‍ ഉണ്ടാകാം.
വൈറ്റമിന്‍ ബിയുടെ അപര്യാപ്തത പല്ലിന്റെ ഇനാമലിനെ ഇല്ലാതാക്കും. പ്ലാക്ക് എന്ന് വിളിക്കുന്ന പല്ലില്‍ രൂപപ്പെടുന്ന വെളുത്ത വസ്തുവും വൈറ്റമിന്‍ അപര്യാപ്തതയാണ് സൂചിപ്പിക്കുന്നത്. വൈറ്റമിന്‍ ബിയുടെ അപര്യാപ്തത ഉണ്ടെങ്കില്‍ ചുണ്ടിലും കവിളുകളിലും വിണ്ടുകീറല്‍ അനുഭവപ്പെടും. വായ്പ്പുണ്ണ്, വായ്ക്കുള്ളില്‍ പുകച്ചില്‍ എന്നിവയും വൈറ്റമിന്‍ ബിയുടെ അപര്യാപ്തത കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണ്.
ഓസ്റ്റിയോപോറോസിസ് ഉണ്ടെങ്കില്‍ പല്ലിന്റെ കാര്യവും പോക്കാണ്
എല്ലുകളെ ബാധിക്കുന്ന രോഗമാണ് ഓസ്റ്റിയോപോറോസിസ് എങ്കിലും പല്ലുകള്‍ക്കും ആ രോഗം വില്ലനാണ്. ഓസ്റ്റിയോപോറോസിസ് ഉള്ളവരില്‍ പോകപ്പോകെ പല്ലുകളെ താങ്ങിനിര്‍ത്തുന്ന എല്ലുകള്‍ക്ക് ബലക്ഷമം ഉണ്ടാകുന്നത് കൊണ്ട് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകും.മോണകളിലെ പ്രശ്‌നങ്ങളും ഓസ്റ്റിയോപോറോസിസിന്റെയും ലക്ഷണമാകാം.
പല്ലുകള്‍ നല്‍കുന്ന സൂചനകള്‍ അവഗണിക്കാതിരിക്കൂ, ഹൃദ്രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാം
ഹൃദ്രോഗം ഉള്ളവരില്‍ മോണ രോഗങ്ങളും പിരിയോഡോന്റല്‍ അണുബാധയും പതിവാണെന്ന് അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍ പറയുന്നു. മോണ രോഗം, പല്ലുകളില്‍ പ്ലാക്ക് അടിഞ്ഞുകൂടല്‍ എന്നിവയ്ക്ക് ഹൃദ്രോഗവുമായും ബന്ധമുണ്ട്. അതുകൊണ്ട് പല്ലുകളില്‍ ധാരാളം പ്ലാക്ക് ഉള്ളവര്‍ ഹൃദ്രോഗത്തെയും സ്‌ട്രോക്കിനെയും കരുതിയിരിക്കണം. ശ്വാസകോശ അര്‍ബുദം ഉള്ളവരിലും മറ്റ് ശ്വാസകോശ രോഗങ്ങള്‍ ഉള്ളവരിലും മോണകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.
ഈറ്റിംഗ് ഡിസോര്‍ഡര്‍ പല്ലുകളെ നശിപ്പിക്കും
ഈറ്റിംഗ് ഡിസോര്‍ഡര്‍ അഥവാ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പല്ലുകള്‍ നോക്കി അറിയാനാകും. പല്ലിന്റെ ഇനാമല്‍ ഇല്ലാതാകുന്നത് ബുളിമിയ എന്ന രോഗത്തിന്റെ ലക്ഷണമാകാം. പിത്തരസം ഛര്‍ദ്ദിക്കുമ്പോള്‍ അതിലുള്ള അമ്ലത്വം ഇനാമലിനെ കേടുവരുത്തുന്നു. ഇതുമൂലം പല്ലിന്റെ ആകൃതിയും നിറവും നഷ്ടപ്പെടാം. മാത്രമല്ല, ബുളിമിയ ഉള്ളവരുടെ ഇരുകവിളുകളിലും നീരുള്ളതായി കാണാറുണ്ട്. ഇതുകാണുമ്പോള്‍ ദന്തഡോക്ടര്‍മാര്‍ ബുളിമിയ സംശയിക്കുന്നത് സ്വാഭാവികമാണ്.
ജലദോഷവും അലര്‍ജിരോഗങ്ങളും മൂലം പല്ലുവേദന അനുഭവപ്പെടാം
മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയവ എന്നിവയ്‌ക്കൊപ്പം പല്ലുവേദനയും അനുഭവപ്പെടുക സ്വാഭാവികമാണ്. അലര്‍ജി മൂലം ചിലരില്‍ പല്ലുവേദന അനുഭവപ്പെടാറുണ്ട്. ജലദോഷമുള്ളപ്പോള്‍ വായിലൂടെ ശ്വാസം കഴിക്കുന്നവരില്‍ ഉമനീര്‍ ഉണങ്ങി വായ വരളുകയും അത് പല്ലിന്റെ സംരക്ഷണ കവചമായ ഇനാമലിന് കേടുണ്ടാക്കുകയും ചെയ്യുന്നു.
വിരലടയാളം മാത്രമല്ല, മനുഷ്യരുടെ പല്ലുകളും തികച്ചും വ്യത്യസ്തമാണ്
ഒരാളുടേത് പോലുള്ള പല്ലുകള്‍ ലോകത്ത് മറ്റാര്‍ക്കും ഉണ്ടായിരിക്കില്ല, ഇരട്ടകള്‍ക്ക് പോലും. അതുകൊണ്ട് മതിയായ സംരക്ഷണവും ശുചിത്വവുമേകി പല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കൂ.
Discussion about this post