ആഡംബരക്കപ്പലായ ടൈറ്റാനിക് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 111 വര്‍ഷങ്ങള്‍. ആദ്യയാത്ര തന്നെ ദുരന്തപര്യവസായിയായി മാറിയ ടെറ്റാനിക്കിന്റെ കഥ എത്ര നൂറ്റാണ്ട് കഴിഞ്ഞാലും ലോകം മറക്കാനിടയില്ല. ടൈറ്റാനിക് ദുരന്തത്തെ കുറിച്ചുള്ള ഗവേഷണങ്ങളും ഡോക്യുമെന്ററികളും സിനിമയുമെല്ലാം ഉദ്വേഗത്തോടെ കാണുന്നവര്‍ ഇന്നുമുണ്ട്. കാരണം ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ആ കപ്പലിന്റെ ഒടുക്കം ഇന്നും ലോകത്തുള്ളവര്‍ക്ക് ഉത്തരം കിട്ടാത്ത പ്രഹേളിക പോലെ അവശേഷിക്കുകയാണ്.
ടൈറ്റാനിക്കിനെ കുറിച്ചുള്ളതെല്ലാം ആവേശത്തോടെ വായിക്കാനും കേള്‍ക്കാനും കാണാനുമിഷ്ടമുള്ളവര്‍ക്ക് വേണ്ടി ഇതാ ആ അഡംബരക്കപ്പലില്‍ വിളമ്പിയിരുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് അറിയാന്‍ ഒരു അവസരം. ടേസ്റ്റ് അറ്റ്‌ലസ് എന്ന ഇന്‍സ്റ്റഗ്രാം പേജ് ആണ് ടൈറ്റാനിക്കിലെ ഒറിജിനല്‍ മെനുവിന്റെ ചിത്രം സഹിതം പുറത്തുവിട്ടിരിക്കുന്നത്. ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് ക്ലാസുകളിലുള്ള യാത്രക്കാര്‍ക്ക് ഉള്ള പ്രത്യേകമായുള്ള മെനുവും ടിക്കറ്റനുസരിച്ച് ഓരോ വിഭാഗം യാത്രക്കാര്‍ക്കുള്ള ഊണ്‍മുറിയുടെ ചിത്രവും പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
View this post on Instagram
1912, ഏപ്രില്‍ 15ന് ആദ്യയാത്രയില്‍, വടക്കന്‍ അറ്റ്‌ലാന്റിക്കില്‍ ടൈറ്റാനിക് മുങ്ങിയിട്ട് 111 വര്‍ഷമായി. ലോകം കണ്ട ഏറ്റവും ആഡംബരക്കപ്പലായിരുന്നു ടൈറ്റാനിക്, അതില്‍ വിളമ്പിയിരുന്ന ഭക്ഷണവും മുഖ്യ ആകര്‍ഷങ്ങളില്‍ ഒന്നായിരുന്നു എന്ന തലക്കെട്ടോടുകൂടിയാണ് ടേസ്റ്റ് അറ്റ്‌ലസ് ടൈറ്റാനിക്കിലെ മെനു പുറത്തുവിട്ടിരിക്കുന്നത്. ചിക്കന്‍ കറി, ബെയ്ക്ക് ചെയ്ത മത്സ്യം, സ്പ്രിംഗ് ലാമ്പ്, മട്ടന്‍ റോസ്റ്റ്, ടര്‍ക്കി റോസ്റ്റ് അടക്കം ഗംഭീര ഭക്ഷണങ്ങളും പുഡ്ഡിംഗുകളും ഡിസേര്‍ട്ടും ഉള്‍പ്പടെയുള്ള വമ്പന്‍ മെനുവാണ് ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നത്. ടൈറ്റാനിക്ക് മുങ്ങിയ ദിവസം രാത്രി സെക്കന്‍ഡ് ക്ലാസ് യാത്രികര്‍ക്ക് ക്രിസ്മസ് പുഡ്ഡിംഗ് എന്നും അറിയപ്പെടുന്ന പ്ലം പുഡ്ഡിംഗ് ആയിരുന്നു മധുരമായി നല്‍കിയിരുന്നത്.
എന്തായാലും ഒരു നൂറ്റാണ്ട് മുമ്പ് ഇത്ര വലിയ മെനു യാത്രികര്‍ക്കായി ടൈറ്റാനിക്കില്‍ ഒരുക്കിയിരുന്നുവെന്നത് അതിശയപ്പെടുത്തുന്ന കാര്യമാണ്. മൂന്നാംക്ലാസില്‍ ഉള്ളവര്‍ക്ക് വരെ ഗംഭീരമായ ഭക്ഷണമായിരുന്നു ലഭിച്ചിരുന്നതെന്നും അപ്പോള്‍ ഫസ്റ്റ് ക്ലാസിന്റെ ഭക്ഷണം എത്ര കേമമായിരിക്കുമെന്ന് പറയേണ്ടതുണ്ടോ എന്ന് പോസ്റ്റ് കണ്ട നിരവധി പേര്‍ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post