സ്വപ്നങ്ങൾ നേടാൻ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് മുന്നേറുന്ന മനുഷ്യരുണ്ട്. അവർ ലക്ഷ്യം കയ്യെത്തി പിടിക്കുമെന്ന് മാത്രമല്ല മറ്റുള്ളവർക്ക് ഒരു പ്രചോദനവുമാകും. അത്തരത്തിലൊരാളുടെ ജീവിതമാണ് ബിജു പോൾ എന്ന റെയിൽവേ ഉദ്യോഗസ്ഥൻ ഫേസ്ബുക്ക് കുറിപ്പിൽ വിവരിക്കുന്നത്.
എഞ്ചിൻ ക്യാബിൻ കാണാൻ അടുത്തു വന്ന കുട്ടിയേയും അവന്റെ സ്വപ്നങ്ങളും ബിജു പോൾ ഹൃദയം കവരുന്ന രീതിയിൽ വിവരിക്കുന്നു. ലോക്കോ പൈലറ്റ് ആകണമെന്ന അവന്റെ സ്വപ്നം പ്രതിസന്ധികളെ അതിജീവിച്ച് അവൻ നേടിയതെങ്ങനെയെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. വായിച്ച് തീരുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന കുറിപ്പാണിതെന്ന് കമന്റുകളിൽ നിന്ന് തന്നെ വ്യക്തമാണ്
ബിജു പോളിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണ രൂപം
ഗുഡ്സ് ലോക്കോ പൈലറ്റ് ആയി ചെന്നൈയിൽ നിന്ന് ട്രാൻസ്ഫർ വാങ്ങി ബാംഗ്ളൂർ എത്തിയിട്ട് അധികം കാലം ആയിട്ടില്ല. ഇലക്ട്രിക് ലോക്കോ മാത്രമേ ട്രെയിനിങ് ഉണ്ടായിരുന്നുള്ളൂ.അത് കൊണ്ട് തമിഴ്നാട് ഭാഗത്തേക്ക് മാത്രം ആയിരുന്നു ട്രിപ്പുകൾ. തിരുപ്പത്തൂർ നിന്ന് വരുമ്പോൾ, മറ്റുള്ള എക്സ്പ്രസ്സ് ട്രെയിനുകൾക്ക് കടന്ന് പോകാനായി ഒരു ബൈ പാസ്സ് ലൈനിൽ ഗുഡ്സ് ട്രെയിനുകൾ പിടിച്ചിടാറുണ്ടായിരുന്നു. ചിലപ്പോൾ മണിക്കൂറുകൾ അവിടെ കിടക്കേണ്ടി വരും. അങ്ങനെ ഒരിക്കൽ സിഗ്നൽ കാത്തു കിടക്കുമ്പോൾ ആണ് ഒരു ആൺകുട്ടി ലോക്കോയുടെ അടുത്ത് വന്ന് പരുങ്ങി നിൽക്കുന്നത് ശ്രദ്ധിച്ചത്. ഏകദേശം പതിനഞ്ച് വയസ്സ്, ഇരുണ്ട നിറം. നിറയെ മുഖക്കുരു പാടുകൾ,എണ്ണ വെച്ചു വശത്തേക്കു ചീകി വച്ച മുടി. മുഖത്ത് വിനയ ഭാവം.
“എന്നപ്പാ, എന്ന വേണം? ഞാൻ ചോദിച്ചു
“എൻജിൻ ഉള്ളെ കൊഞ്ചം പാക്കണം”
അവൻ വളരെ വിനയത്തോടെ പറഞ്ഞു. ലോക്കോയുടെ ക്യാബിൻ കാണണം. അതാണ് അവന്റെ ആവശ്യം. ഞാൻ അവനെ അകത്തേക്ക് വിളിച്ചു. ലോക്കോയുടെ സ്റ്റെപ്പിൽ തൊട്ട് തൊഴുത് അവൻ ക്യാബിനു അകത്തേക്ക് വന്നു. വളരെ കൗതുകത്തോടെഅവൻ ലോക്കോ ക്യാബിൻ മുഴുവൻ നോക്കികണ്ടു. പുറകിലെ ക്യാബിനിലേക്കുള്ള ഇടനാഴിയിലൂടെ നടന്നു മെഷീൻ റൂം മുഴുവൻ ഞാൻ അവനു കാണിച്ചു കൊടുത്തു. എല്ലാം വളരെ അത്ഭുതത്തോടെ ആണ് അവൻ എല്ലാം കണ്ടത്.
ഷണ്മുഖം എന്നായിരുന്നു അവന്റെ പേര്. അടുത്തുള്ള സർക്കാർ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നു.റെയിൽവേ ട്രാക്കിന് അടുത്തുള്ള ഒരു ചെറിയ വീട്ടിൽ ആണ് അവനും അച്ഛനും അമ്മയും ആറിൽ പഠിക്കുന്ന അനുജത്തിയും താമസിക്കുന്നത്. രാവിലെ സമയത്ത് വീടിനു മുമ്പിൽ ഇഡ്ഡലിയും ദോശയും ഉണ്ടാക്കി വിൽക്കുക ആണ് അവന്റെ മാതാപിതാക്കൾ. ഒരു ലോക്കോ പൈലറ്റ് ആവുക എന്നതാണ് അവന്റെ സ്വപ്നം എന്നും അതിനായി എന്ത് ചെയ്യണം എന്ത് പഠിക്കണം എന്നൊന്നും അറിയില്ല എന്നും അവൻ പറഞ്ഞു. പലരും ഒരു കൗതുകത്തിനായി ഈ ചോദ്യം ചോദിക്കാറുണ്ട്. അത് കൊണ്ട് തന്നെ വലിയ താല്പര്യം ഒന്നും ഇല്ലാതെ ആണ് നേടേണ്ട സാങ്കേതിക യോഗ്യതയെ കുറിച്ചും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന എക്സാമിനെ കുറിച്ചും എല്ലാം അവനോട് വിവരിച്ചത്. സിഗ്നൽ ഇടും വരെ അവൻ പല കാര്യങ്ങളും സംസാരിച്ചു നിന്നു.
വളരെ കാലം കഴിഞ്ഞാണ് ഞാൻ ഷണ്മുഖത്തെ വീണ്ടും കണ്ടത്. നല്ല മാർക്ക് വാങ്ങി പത്താം ക്ലാസ് പാസ്സായതും തിരുപ്പത്തൂർ പോളി ടെക്‌നിക്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്ക് ചേർന്നതും അവൻ പറഞ്ഞു. എന്റെ ഉത്തരേന്ധ്യക്കാരൻ അസിസ്റ്റന്റിനോട് ലോക്കോ പൈലറ്റ് എക്സാമിന് വേണ്ടി പഠിക്കേണ്ട ബുക്കുകളെ പറ്റി അവൻ ചോദിച്ചറിഞ്ഞു. അവന്റെ സ്വപ്നം വളരെ ഗൗരവത്തോടെ ആണ് എടുത്തിരിക്കുന്നത് എന്ന് എനിക്ക് അപ്പോഴാണ് മനസിലായത്.
അച്ഛൻ അസുഖ ബാധിതൻ ആയതും മറ്റു പ്രാരാബ്ധങ്ങളും അവൻ വിവരിച്ചു. അതി രാവിലെ എഴുന്നേറ്റ് സൈക്കിളിൽ പത്രവിതരണത്തിന് പോകും. തിരിച്ചു വന്നു ഇഡ്ഡലി കടയിൽ സഹായിക്കും. പിന്നെ പത്ത് കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി കോളേജിലേക്ക്. വൈകുന്നേരം തിരുപ്പത്തൂർ മാർക്കറ്റിൽ നിന്ന് പിറ്റേ ദിവസത്തേക്ക് വേണ്ട അരിയും ഉഴുന്നും മറ്റും വാങ്ങി വീട്ടിലേക്ക്. അങ്ങനെ തന്നാലാവും വിധം കുടുംബത്തെ സഹായിക്കുന്ന ഷണ്മുഖത്തോട് എനിക്ക് വല്ലാത്ത മതിപ്പ് തോന്നി
.പാസ്സഞ്ചർ ട്രെയിൻ ലോക്കോ പൈലറ്റ് ആയി പ്രൊമോഷൻ ആയ ശേഷം ബൈ പാസ്സ് സിഗ്നലിൽ കാത്തു കിടക്കേണ്ട ആവശ്യം വരാത്തത് കൊണ്ട് ഞാൻ പിന്നെ ഷണ്മുഖത്തെ കണ്ടില്ല. പിന്നീട് ആറു വർഷത്തോളം റയിൽവേ കണ്ട്രോൾ ഓഫീസിൽ ജോലി ചെയ്തു. ഈ അടുത്ത കാലത്താണ് എക്സ്പ്രസ്സ് ട്രെയിൻ ലോക്കോ പൈലറ്റ് ആയി പ്രൊമോഷൻ കിട്ടിയതും വീണ്ടും ലൈനിൽ ഇറങ്ങിയതും. ഈറോട്, ചെന്നൈ റൂട്ടുകളിൽ ആയിരുന്നു അധികവും ഡ്യൂട്ടി.
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച. നിസാമുദ്ദിൻ എക്സ്പ്രസ്സ് വർക്ക് ചെയ്യാൻ റെഡി ആയി ഓഫീസിൽ പോയി സൈൻ ചെയ്ത് ഈറോട് റണ്ണിംഗ് ബാഗ്ലാവിന്റെ വരാന്തയിൽ നിൽക്കുകയായിരുന്നു. ദൂരമുള്ള വരാന്തയുടെ അറ്റത്തു നിന്ന് ഒരാൾ നടന്നു വരുന്നു. ആൾ അടുത്ത് വന്ന് എന്റെ മുമ്പിൽ പരുങ്ങി നിന്നു.
“സാർ എന്നെ ഞാപകം ഇറുക്കാ?
ഞാൻ സൂക്ഷിച്ചു നോക്കി. പെട്ടന്ന് എനിക്ക് ആളെ ഓർമ വന്നു. അല്പം പൊക്കവും തടിയും വച്ചിട്ടുണ്ട് എന്ന് അല്ലാതെ മുഖ രൂപത്തിനോ സ്ഥായിയായ വിനയ ഭാവത്തിനോ ഒരു മാറ്റവും ഇല്ല.
” ഷണ്മുഖം താനേ? നീ എന്നാ ഇങ്കേ? “
ഞാൻ തിരിച്ചറിഞ്ഞ സന്തോഷം കൊണ്ട് ആവണം പെട്ടെന്ന് അവന്റെ കണ്ണുകൾ നിറഞ്ഞു. ഡിപ്ലോമ കഴിഞ്ഞതും ട്രിച്ചി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വഴി രണ്ടു വർഷം മുമ്പ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആയി ജോലിയിൽ പ്രവേശിച്ചതും അവൻ വിവരിച്ചത് അല്പം അശ്ചര്യത്തോടെ ആണ് ഞാൻ കേട്ട് നിന്നത്. ട്രിച്ചിയിൽ നിന്ന് വർക്ക് ചെയ്ത് വന്നതാണ്. രാത്രി തിരിച്ചു പോകും. എന്നെ കുറിച്ച് അന്വേഷിച്ചിരുന്നു എന്നും കാണാൻ സാധിച്ചില്ല എന്നും അവൻ പറഞ്ഞു.
വലിയ സ്വപ്‌നങ്ങൾ കണ്ട് അത് നടക്കാനായി പരിശ്രമിച്ചു ഒടുവിൽ അത് കയ്യെത്തി പിടിച്ച ഷണ്മുഖത്തെ ഓർത്തു എനിക്ക് വലിയ അഭിമാനം തോന്നി.
ദൂരെ സ്റ്റേഷനിൽ നിന്ന് എന്റെ ട്രെയിൻ വരാറായി എന്ന് അനൗൺസ്മെന്റ് കേൾക്കുന്നു. വീണ്ടും കാണാം നല്ലത് വരട്ടെ എന്ന് പറഞ്ഞു കൈ പിടിച്ചു കുലുക്കി പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടക്കുമ്പോൾ എന്ത് കൊണ്ടോ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.
ബിജു പോളിന്റെ ഫേസ്ബുക്ക് കുറിപ്പ്
Discussion about this post