കുട്ടികൾ മുതൽ മുതിർന്നവർ വരെ അവധിക്കാലം ആഘോഷിക്കാത്തവരായി ആരും ഉണ്ടാകില്ല അതുപോലെ തന്നെ അവധിക്കാലം മനോഹരമാക്കുന്നവരാണ് നമ്മുടെ ഭൂരിഭാഗം സിനിമാ താരങ്ങളും.
തങ്ങളുടെ സിനിമാ തിരക്കുകൾ എല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം സമയം ചിലവിടുന്ന താരങ്ങളുടെ വീഡിയോകളും ഫോട്ടോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം മോഹൻലാൽ ഏറെ നാളുകൾക്ക് ശേഷം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഒരുങ്ങുകയാണ്.
മലയാളത്തിലെ ഒരു പ്രമുഖ ചാനൽ പരിപാടി വേദിയിൽ വച്ചാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. “ഒരുപാട് കാലമായി ഞാനൊരു ഹോളിഡേ പോയിട്ട്. കൊവിഡൊക്കെ ആയിട്ട് അതിന് സാധിച്ചില്ല. ഇല്ലെങ്കിൽ എല്ലാവർഷം പോകുമായിരുന്നു. അതുകൊണ്ട് ഞാനൊന്ന് ജപ്പാനിൽ പോകുകയാണ്. അതാണ് ഇത്തവണ നേരത്തെ നിങ്ങളെ കാണാൻ വന്നത്. എന്റെ ഫ്രണ്ട്സും ഫാമിലിയുമൊക്കെ അവിടെ എത്തി. എല്ലാവർഷവും ഞങ്ങൾ പോകുന്നതാണ്. മറ്റാന്നാൾ ഇവിടുന്ന് ഞാൻ മാത്രം പോകും. മുമ്പും ഞാൻ ജപ്പാനിൽ പോയിട്ടുണ്ട്. ‘ഇനിയെങ്കിലും’ എന്ന ചിത്രം അവിടെ വച്ചായിരുന്നു ഷൂട്ട് ചെയ്തത്. പിന്നെ ഞാനൊരു ജാപ്പനീസ് പടം ചെയ്യാൻ പോയി. ജാപ്പനീസ് പഠിച്ചു. ഞാൻ അവിടെ പോയാലും മനസ്സ് കൊണ്ട് നിങ്ങളുടെ കൂടെ ഉണ്ടാവും. അവിടെ നിന്നും ഇടയ്ക്ക് വരും നിങ്ങളെ കാണാൻ”, എന്നാണ് മോഹൻലാൽ മത്സരാർത്ഥികളോട് പറഞ്ഞത്.












