സൂററ്റ്: പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസിൽ നിയമം അനുശാസിക്കുന്ന ശിക്ഷയാണ് രാഹുൽ ഗാന്ധിക്ക് നൽകിയതെന്ന് സൂററ്റ് സെഷൻസ് കോടതി. രണ്ട് വർഷത്തെ തടവും പിഴയും വിധിച്ച ശിക്ഷാവിധി റദ്ദാക്കണമന്ന് ആവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക നിരീക്ഷണം. ജനപ്രതിനിധി എന്ന നിലയിൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതി രാഹുലിന്റെ ഹർജി തളളിയത്.
വിധി സ്‌റ്റേ ചെയ്യാൻ മേൽക്കോടതിയിൽ പോയാൽ പോലും രാഹുലിന് തിരിച്ചടിയാകുന്ന നിരീക്ഷണങ്ങളാണ് കോടതി നടത്തിയിട്ടുളളത്. രാഹുലിന്റെ എംപി സ്ഥാനം അയോഗ്യമായതും മത്സരിക്കാൻ വിലക്കേർപ്പെടുത്തിയതും വലിയ നഷ്ടമായോ തിരിച്ചടിയായോ കാണാനാകില്ല. മോദി എന്ന് പേരുളളവരെല്ലാം എങ്ങനെയാണ് കളളൻമാരാകുന്നത് എന്ന രാഹുലിന്റെ പരാമർശം പരാതിക്കാരന് മാനസീക വേദനയും അദ്ദേഹത്തിന്റെ പ്രശസ്തിക്ക് കോട്ടവും ഉണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. പ്രത്യേകിച്ച് പരാതിക്കാരൻ സാമൂഹ്യരംഗത്ത് സജീവവും പൊതുജനങ്ങളുമായി അടുത്തിടപെടുന്ന വ്യക്തിയുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിയുടെ ആധികാരികതയെ രാഹുൽ ചോദ്യം ചെയ്തത് തളളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
പരാമർശം നടത്തുമ്പോൾ രാഹുൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷനായിരുന്നു. രാഹുലിനെപ്പോലൊരു വ്യക്തിയിൽ നിന്ന് കുറച്ചുകൂടി ഉയർന്ന നിലവാരത്തിലുളള ധാർമികതയാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.
ഇത്തരം കേസുകളിൽ അതീവശ്രദ്ധയോടും സൂക്ഷ്മതയോടെയും പരിശോധിച്ച ശേഷം മാത്രമേ ശിക്ഷാവിധി സ്‌റ്റേ ചെയ്യാവൂ എന്ന സുപ്രീംകോടതി നിർദ്ദേശവും കോടതി ചൂണ്ടിക്കാട്ടി. അല്ലെങ്കിൽ അത് നീതി നടപ്പാക്കുന്ന സംവിധാനങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കും. നീതിന്യായവ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസത്തെയും അത് ഉലയ്ക്കുമെന്ന് കോടതി പറഞ്ഞു. അഡീഷണൽ സെഷൻസ് ജഡ്ജി ആർപി മൊഗേരയാണ് രാഹുലിന്റെ ഹർജി പരിഗണിച്ചത്.
മാർച്ച് 23 നാണ് കോടതി രാഹുലിന് തടവും പിഴയും ശിക്ഷ വിധിച്ചത്. 2019 ലെ തിരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിലായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ മൂന്നിനാണ് രാഹുൽ ഹർജി നൽകിയത്. ഹർജി തളളിക്കൊണ്ടുളള സെഷൻസ് കോടതിയുടെ നിരീക്ഷണങ്ങൾ മേൽക്കോടതിയിലെ വാദത്തിലും രാഹുലിന് തിരിച്ചടിയാകുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
Discussion about this post