ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ 5 സൈനികരുടെ വീരമൃത്യുവിന് കാരണമായ ഭീകരാക്രമണത്തിന് പിന്നിൽ നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഉപവിഭാഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന് സൂചന. ഭീകരാക്രമണത്തിന്റെ അന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കും. പ്രാഥമിക പരിശോധന നടത്തുന്നതിനായി എൻ ഐ എ സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചു.
സൈനിക വാഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. ഭീകരവിരുദ്ധ ദൗത്യത്തിൽ പങ്കാളികളായിരുന്ന രാഷ്ട്രീയ റൈഫിൾസ് സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആയിരുന്നു ആക്രമണം.
ഹവീൽദാർ മൻദീപ് സിംഗ്, ലാൻസ് നായിക് ദേബാശിഷ് ബാസ്വാൾ, ലാൻസ് നായിക് കുല്വന്ത് സിംഗ്, ശിപായി ഹരികൃഷൻ സിംഗ്, ശിപായി സേവാക് സിംഗ് എന്നിവരാണ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയുമായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. ആക്രമണം നടന്ന സ്ഥലം സൈന്യം നിയന്ത്രണത്തിലാക്കിയെന്നും ഭീകരർക്കായി തിരച്ചിൽ ശക്തമാക്കിയെന്നുമാണ് റിപ്പോർട്ട്. ആക്രമണത്തെ കുറിച്ച് രാജ്യരക്ഷാ മന്ത്രിയോട് വിശദീകരിച്ച കരസേന മേധാവി, സ്ഥിതിഗതികൾ അദ്ദേഹത്തെ ധരിപ്പിച്ചു.
വൈകുന്നേരം 3.00 മണിയോടെ, രജൗറി മേഖലയിലെ ഭീംബർ ഗലിക്കും പൂഞ്ചിനുമിടയിൽ വെച്ചായിരുന്നു ഭീകരർ സൈനിക വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയത്. കനത്ത മഴ നിമിത്തം രൂപപ്പെട്ട മൂടൽ മുതലാക്കിയായിരുന്നു ഭീകരരുടെ ആക്രമണം.
ആക്രമണം നടന്ന സ്ഥലത്ത് നിന്നുമുള്ള വീഡിയോ ദൃശ്യങ്ങൾ സൈന്യം ശേഖരിച്ചിട്ടുണ്ട്. ഡ്രോണുകളുടെ സഹായത്തോടെ മേഖലയിൽ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. ആക്രമണം നടന്ന പൂഞ്ച് മേഖലയിലെ ബി ജി സെക്ടറിലെ ഭട്ട ദുരിയൻ പ്രദേശം പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
Discussion about this post