ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് പുതിയ ബഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അഞ്ച് മാസത്തിന് ശേഷം ആണ് ലാവലിൻ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.
അതേസമയം, സിബിഐയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത തിങ്കളാഴ്ച്ച ഹാജർ ആകുമോ എന്ന കാര്യത്തിൽ ഇതുവരെ ഉറപ്പായിട്ടില്ല. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് മുന്നിൽ തുഷാർ മേത്തയ്ക്ക് തിങ്കളാഴ്ച ഹാജരാവണം. അതുകൊണ്ട് ഈ കേസിൽ ഇദ്ദേഹം ഹാജരാകുമോ എന്നറിയില്ല.
Discussion about this post