ഖാർത്തൂം: മുസ്ലീം വിശ്വാസികളുടെ പെരുന്നാൾ ഈദ് ഉൽ ഫിത്തർ കണക്കിലെടുത്ത് സുഡാനിൽ 72 മണിക്കൂർ വെടിനിർത്തലിന് ധാരണ. പരസ്പരം പോരടിക്കുന്ന സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസും ഇത് സംബന്ധിച്ച് ധാരണയിലെത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) ആണ് ആദ്യം വെടിനിർത്തൽ പ്രഖ്യാപിച്ചത്. പിന്നീട് സുഡാൻ ആംഡ് ഫോഴ്‌സസും തീരുമാനം അംഗീകരിക്കുകയായിരുന്നു. മൂന്ന് ദിവസം ഏറ്റുമുട്ടൽ നിർത്തിവെയ്ക്കണമെന്ന് വിദേശരാജ്യങ്ങളും നിരവധി സന്നദ്ധ സംഘടനകളും ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇരുവിഭാഗങ്ങളോടും സംസാരിച്ചിരുന്നു.
തുടർച്ചയായ വെടിവെയ്പും ഏറ്റുമുട്ടലും മൂലം ജനങ്ങൾ ദിവസങ്ങളായി വീടുകളിൽ തന്നെ കഴിയുകയാണ്. ഇവർക്ക് പുറത്തിറങ്ങി ഭക്ഷണം ശേഖരിക്കാനും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഇവരെ മാറ്റാനും കുടുംബവുമായി ഒത്തുചേരാനും അവസരം ഒരുക്കണമെന്ന് ആയിരുന്നു സന്നദ്ധ സംഘടനകളുടെ അഭ്യർത്ഥന. അതേസമയം വെടിനിർത്തൽ വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ജനങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അക്രമം തുടരുകയായിരുന്നു.
ഒരാഴ്ചയായി തുടരുന്ന ഏറ്റുമുട്ടലിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ 413 പേർ മരിച്ചതായിട്ടാണ് കണക്ക്. 3500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ ഒൻപത് കുട്ടികളെങ്കിലും ഉണ്ടെന്നാണ് യൂണിസെഫിന്റെ കണക്ക്. അൻപതോളം കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും യൂണിസെഫ് വക്താവ് അറിയിച്ചു.
ഏറ്റുമുട്ടൽ രൂക്ഷമായ പ്രദേശങ്ങളിൽ വീടുകളിൽ കുടുങ്ങിയവർക്ക് ഭക്ഷണം പോലും എത്തിക്കാനാകാത്ത സാഹചര്യമാണെന്ന് റെഡ്‌ക്രോസ് അറിയിച്ചിരുന്നു. ഇവിടേക്ക് പോകാനാകുന്നില്ലെന്നും മതിയായ സുരക്ഷ ആർക്കും ഉറപ്പ് നൽകാനാകുന്നില്ലെന്നും റെഡ് ക്രോസ് വ്യക്തമാക്കി.
അതിനിടെ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിന്റെ കിഴക്കൻ ഭാഗത്ത് നിന്ന് നിരവധി പേർ ട്രക്കുകളിലും മറ്റും പലായനം ചെയ്യുന്നത് തുടരുകയാണ്. ഖാർത്തൂമിലെ ആശുപത്രികൾ പോലും പലതും പ്രവർത്തിക്കുന്നില്ല. ചില ആശുപത്രികൾക്ക് നേരെയും ആക്രമണം ഉണ്ടായതായിട്ടാണ് റിപ്പോർട്ടുകൾ.
Discussion about this post