ന്യൂഡൽഹി: കൊല്ലപ്പെട്ട കൊടും കുറ്റവാളി അതീഖ് അഹമ്മദ്, രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ ഫിറോസ് ഗാന്ധിയുടെ ബന്ധുവിന്റെ സ്വത്തുക്കളും അനധികൃതമായി കൈയ്യേറിയിരുന്നതായി റിപ്പോർട്ട്. 2007ൽ ഫുല്പൂരിൽ നിന്നുമുള്ള സമാജ് വാദി പാർട്ടി എം പി ആയിരിക്കെയായിരുന്നു അതീഖ് ഫിറോസ് ഗാന്ധിയുടെ ബന്ധുവായ വീര ഗാന്ധിയുടെ വസ്തുക്കൾ ബലമായി കൈയേറിയത്.
ഉത്തർ പ്രദേശിൽ സമാജ് വാദി പാർട്ടി അധികാരത്തിലിരിക്കുന്ന കാലത്തായിരുന്നു ഫിറോസ് ഗാന്ധിയുടെ ബന്ധുവിന്റെ ഏക്കർ കണക്കിന് ഭൂമി അതീഖ് അഹമ്മദ് അനധികൃതമായി സ്വന്തമാക്കിയത്. പ്രയാഗ് രാജിലെ സിവിൽ ലൈൻ മേഖലയിലെ ഭൂമിയാണ് ഗുണ്ടകളെ ഉപയോഗിച്ച് അതീഖ് അഹമ്മദ് പിടിച്ചെടുത്തത്.
സംഭവത്തെ തുടർന്ന് ഭൂമിയുടെ ഉടമയായ വീര ഗാന്ധി ജില്ലാ ഭരണകൂടത്തെയും സംസ്ഥാന സർക്കാരിനെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് വീര ഗാന്ധി അന്നത്തെ യുപിഎ അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെ സമീപിച്ചു. തുടർന്ന് സോണിയ ഗാന്ധി അന്നത്തെ ഉത്തർ പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷിയുമായി ബന്ധപ്പെട്ടു. പിന്നീട് റീത്ത ബഹുഗുണ ജോഷി ജില്ലാ ഭരണകൂടത്തെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് വീര ഗാന്ധിക്ക് അവരുടെ ഭൂമി തിരികെ ലഭിച്ചതെന്നും ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ബിജെപി എം പിയാണ് റീത്ത ബഹുഗുണ ജോഷി.











