തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ വാങ്ങിയ സ്ത്രീ നേരത്തേയും കുട്ടിയെ വാങ്ങിയിരുന്നതായി സംശയം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ സ്ത്രീ അഞ്ച് വർഷം മുൻപ് മറ്റൊരു പെൺകുട്ടിയേയും വാങ്ങിയിരുന്നുവെന്നാണ് ചൈൽഡ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ കുട്ടിയെ മറ്റാർക്കെങ്കിലും കൈമാറിയോ എന്നാണ് സംശയിക്കുന്നത്. രണ്ട് വിവാഹം കഴിച്ച ഇവർക്ക് കുട്ടികളില്ല.
അതേസമയം നിലവിൽ ഇവർക്ക് കുട്ടിയെ വിറ്റ അമ്മയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർ ആശുപത്രിയിലും വ്യാജ മേൽവിലാസമാണ് നൽകിയതെന്നാണ് സംശയം. തൈക്കാട് ആശുപത്രിയിലാണ് കുഞ്ഞിനെ വിൽക്കുന്ന സംഭവം ഉണ്ടായത്. ഏഴാം തിയതി ഉണ്ടായ കുട്ടിയെ നാലാമത്തെ ദിവസമാണ് വിൽക്കുന്നത്.
തമ്പാനൂരിലെ ചൈൽഡ് ലൈനിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി കുട്ടിയെ കണ്ടെടുത്തത്. നിലവിൽ കുഞ്ഞ് ചൈൽഡ് വെൽഫെയർ കമ്മിര്‌റിയുടെ സംരക്ഷണയിലാണ്. രണ്ട് പേരെയും ചോദ്യം ചെയ്ത ശേഷം തുടർ നടപടി സ്വീകരിക്കും. ആശുപത്രിയിൽ നടന്ന കുഞ്ഞിന്റെ വിൽപ്പനയിൽ ആരോഗ്യമന്ത്രിയും റിപ്പോർട്ട് തേടിയിട്ടുണ്ട്.












