ലക്‌നൗ: ഉത്തർപ്രദേശിലെ സ്‌കൂളിൽ പരസ്യമായി നമാസ് നടത്തിയതായി പരാതി. ഹത്രാസിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. അതേസമയം സ്‌കൂൾ അധികൃതർ ഇക്കാര്യം നിഷേധിച്ചു.
കഴിഞ്ഞ ദിവസം സ്‌കൂളിൽ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ചില അദ്ധ്യാപകരും വിദ്യാർത്ഥികളും സ്‌കൂളിൽ ഒരുമിച്ച് നിസ്‌കരിച്ചത് എന്നാണ് വിവരം. അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് പ്രാർത്ഥിക്കുന്നതിന്റെ ദൃശ്യങ്ങൾ സ്‌കൂളിൽ ഉണ്ടായ സംഭവമെന്ന പേരിൽ പ്രചരിച്ചിരുന്നു. ഇതോടെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത് എത്തി. ഹിന്ദു സംഘടനാ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി സ്‌കൂളിൽ എത്തിയിരുന്നു. ഓഫീസിന് മുൻപിൽ ഹനുമാൻ ചാലിസ ചൊല്ലിയായിരുന്നു പ്രതിഷേധ പ്രകടനം. ഇതിന് പിന്നാലെ പ്രിൻസിപ്പാളിനെയും രണ്ട് അദ്ധ്യാപകരെയും സ്‌കൂളിൽ നിന്നും അന്വേഷണ വിധേയമായി സ്‌കൂൾ മാനേജ്‌മെന്റ് പുറത്താക്കുകയായിരുന്നു.
സംഭവത്തിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.
Discussion about this post