ആലപ്പുഴ: സിപിഎമ്മിനും ഡി വൈ എഫ് ഐക്കും പിന്നാലെ ആലപ്പുഴ എസ് എഫ് ഐയിലും പ്രതിസന്ധി. ഹരിപ്പാട് ഏരിയ സമ്മേളനത്തിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എസ് എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം അനില രാജുവടക്കം ഏഴുപേരെ പുറത്താക്കാൻ സംഘടന തീരുമാനിച്ചു. എസ് എഫ് ഐ ഫ്രാക്ഷന് യോഗത്തിന്റേതാണ് തീരുമാനം.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ചയായിരുന്നു ഹരിപ്പാട് ഏരിയ സമ്മേളനം നടന്നത്. സമ്മേളനത്തിൽ അനില രാജുവിനെ സെക്രട്ടറിയാക്കി കൊണ്ടുള്ള പാനൽ അവതരിപ്പിച്ചു. എന്നാൽ മറുപക്ഷം ഇത് അംഗീകരിച്ചില്ല.
ഇതിനെ തുടർന്ന് 30 പേർ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ എസ് എഫ് ഐ ഫ്രാക്ഷന് യോഗത്തിൽ നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു. കേരള സർവകലാശാല യൂണിയൻ മുൻ ചെയർപഴ്സൺ ആണ് അനില രാജു.
ശക്തമായ വിഭാഗീയതയെ തുടർന്ന് നൂറുകണക്കിന് പേർ ആലപ്പുഴയിൽ സിപിഎം വിട്ടത് പാർട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. നേതൃത്വത്തിന്റെ എസ് ഡി പി ഐ ബന്ധത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടത്. ഇത് ഡി വൈ എഫ് ഐയിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഡി വൈ എഫ് ഐ നേതാവിന് പള്ളിയിൽ വെച്ച് എസ് ഡി പി ഐ പ്രവർത്തകരുടെ മർദനമേറ്റിരുന്നു.
Discussion about this post