ഗുവാഹട്ടി: അസം യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷ ഡോക്ടർ അങ്കിത ദത്തയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ശ്രീനിവാസ് ബി വിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അസം പോലീസ്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്കിടെ സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണി, ലൈംഗിക ചുവയോടെയുള്ള സംസാരം എന്നിവ ശ്രീനിവാസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതായാണ് അങ്കിതയുടെ പരാതി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ ഐ ടി ആക്ട് പ്രകാരവും ശ്രീനിവാസിനെതിരെ ദിസ്പൂർ പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം നടത്തുന്നതിനായി അസം പോലീസിന്റെ ഒരു സംഘം കർണാടകയിലേക്ക് തിരിച്ചു. ശ്രീനിവാസിനെ അസം പോലീസ് അറസ്റ്റ് ചെയ്തേക്കും എന്നാണ് വിവരം.
അതേസമയം, ശ്രീനിവാസിനെതിരെ പരാതി നൽകിയ അങ്കിത ദത്തയെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അസം പിസിസി പുറത്താക്കിയിട്ടുണ്ട്. ആറ് വർഷത്തേക്കാണ് നടപടി.
ശ്രീനിവാസ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ തനിക്കെതിരെ പെരുമാറി. ഭീഷണിപ്പെടുത്തുകയും മോശമായ പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തു. ഇതിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് അങ്കിത ആരോപിച്ചിരുന്നു. രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടി വാതോരാതെ ശബ്ദമുയർത്തുന്നു എന്ന് അവകാശപ്പെടുന്ന രാഹുൽ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും താൻ ഇക്കാര്യം പലതവണ പരാതിപ്പെട്ടിരുന്നു. എന്നാൽ അവരുടെ ഭാഗത്ത് നിന്നും പരിഗണന ലഭിക്കാതെ വന്നതോടെയാണ് നിയമത്തിന്റെ വഴി തേടാൻ നിർബന്ധിതയായതെന്നും അങ്കിത ദത്ത വ്യക്തമാക്കിയിരുന്നു.
അസം പി.സി.സി. മുന്‍ അധ്യക്ഷനും മന്ത്രിയുമായിരുന്ന അഞ്ജന്‍ ദത്തയുടെ മകളാണ് അങ്കിത ദത്ത.








