ജയ്പൂർ: ഭഗവാൻ ശ്രീരാമനെ അവഹേളിച്ച് രാജസ്ഥാനിലെ കോൺഗ്രസ് നേതാവ്. ഡിഎൻടി ( സംസ്ഥാന ഡി- നോട്ടിഫൈഡ് നോമാഡ് ആന്റ് ട്രൈബ് ബോർഡ് ) ഉപാദ്ധ്യക്ഷൻ ഛട്ടാറാം ദേശബന്ധുവാണ് ഭഗവാനെ അവഹേളിച്ച് പരാമർശം നടത്തിയത്. സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.
ഇക്കഴിഞ്ഞ 18 ന് ചിട്ടോർഗഡ് ജില്ലയിൽ നേതാക്കളുടെ യോഗം ചേർന്നിരുന്നു. ഇതിൽ സംസാരിക്കുന്നതിനിടെയായിരുന്നു ദേശബന്ധു ശ്രീരാമനെ അവഹേളിച്ച് പരാമർശം നടത്തിയത്. ഈ ലോകത്ത് ശ്രീരാമനെക്കാൾ വൃത്തികെട്ടവരായി ആരും ജനിച്ചിട്ടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് ദേശബന്ധു പറഞ്ഞത്. 14 വർഷം ശ്രീരാമന് സ്വന്തം തുണി മാത്രം എടുത്ത് വനവാസത്തിന് പോകേണ്ടിവന്നു. എന്നിട്ടാണ് ശ്രീരാമനെ ഉത്തമ പുരുഷനെന്ന് വാഴ്ത്തുന്നത്. സിനിമകളിൽ ഹിന്ദു ദൈവങ്ങളെ തെറ്റായിട്ടാണ് ചിത്രീകരിക്കുന്നത് എന്നും ദേശബന്ധു പറഞ്ഞിരുന്നു.
യോഗത്തിൽ പങ്കെടുത്ത ആരോ ഇത് പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ ഹിന്ദു വിശ്വാസികളും സംഘടനകളും രൂക്ഷ വിമർശനവുമായി രംഗത്ത് എത്തി. സംഭവത്തിൽ ദേശബന്ധുവിനെതിരെ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
അതേസമയം സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി ദേശബന്ധു രംഗത്ത് എത്തി. താൻ ഒരു മതത്തിനും എതിരല്ലെന്ന് ദേശബന്ധു പറഞ്ഞു. താനും ഹിന്ദു മത വിശ്വാസിയാണ്. ഹിന്ദു മതത്തെക്കുറിച്ച് അറിയാതെ ഒന്നും പറഞ്ഞിട്ടില്ല. ആർഎസ്എസാണ് സംഭവം വിവാദമാക്കുന്നത്. ആർഎസ്എസ് നാടകം കളിക്കുകയാണെന്നും ദേശബന്ധു പറഞ്ഞു.
Discussion about this post