കൊച്ചി : കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും ജില്ലാ യുഡിഎഫ് കൺവീനറുമായിരുന്ന വിക്ടർ ടി.തോമസ് ബിജെപിയിൽ ചേർന്നു. എറണാകുളം ജില്ലാ ബിജെപി ഓഫീസിൽ സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ വിക്ടറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തു.
ആത്മാർഥതയോടെ പ്രവർത്തിക്കുന്നവർക്ക് സ്ഥാനമില്ലാത്ത പ്രസ്ഥാനമാണ് യുഡിഎഫ് എന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം വിക്ടർ ടി തോമസ് പറഞ്ഞു. അവിടെ ഐക്യമെന്നാൽ പരസ്പരം കാലുവാരൽ മാത്രമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലാത്തവർ പോലും സ്ഥാനാർഥികളാകാൻ മത്സരിക്കുന്നു.
സുശക്തമായ കേന്ദ്രം, സംതൃപ്തമായ സംസ്ഥാനം എന്ന കെ എം മാണിയുടെ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന തനിക്ക് ഏറ്റവും സുശക്തമായ കേന്ദ്രഭരണത്തിന് നേതൃത്വം നൽകുന്ന നരേന്ദ്ര മോദിയിൽ പൂർണ വിശ്വാസമാണ്. കേരളത്തിലെ പദ്ധതികൾ കടലാസിൽ മാത്രമായി ഒതുങ്ങുന്നു. അതിനാൽ മോദിയുടെ വികസന പ്രവർത്തനങ്ങൾ കേരളത്തിലും വരണം. കേരളത്തിന്റെ സമഗ്രവികസനത്തിന് ബിജെപിയാണ് മാർഗമെന്നും വിക്ടർ പറഞ്ഞു.
Discussion about this post