പത്തനംതിട്ട: പന്തളത്ത് അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം. കൈപ്പുഴ സ്വദേശി അരുൺരാജിനെയാണ് ഏഴംഗ സംഘം മർദ്ദിച്ചത്. അരുൺരാജിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി വീട്ടിലേക്ക് വരികയായിരുന്നു യുവാവ്. ഇതിനിടെ കുളനട പിഡബ്ലുഡി റസ്റ്റ് ഹൗസിന് മുന്നിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. ഇവിടെവച്ച് ഏഴംഗ സംഘത്തിലെ ഒരാൾ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ എല്ലാവരും ചേർന്ന് അരുൺരാജിനെ മർദ്ദിക്കുകയായിരുന്നു.
നാല് ബൈക്കുകളിലായിരുന്നു സംഘം എത്തിയത്. സമീപത്തെ ബാറിൽ നിന്ന് മദ്യപിച്ച് ഇറങ്ങിയവരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പന്തളം പോലീസാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
അതേസമയം മർദ്ദനമേറ്റ് അരുണിന്റെ തലയ്ക്കും മുഖത്തും കണ്ണിനും പരിക്കേറ്റു. സമീപത്തെ ആശുപത്രിയിൽ യുവാവ് ചികിത്സയിലാണ്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് നിലവിലെ പോലീസ് അന്വേഷണം.












