ശ്രീനഗര്‍: ജമ്മു കാശ്മീരിലെ വിഘടനവാദി നേതാവ് അസിയ അന്ദ്രാബിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിന്തുണ. കാശ്മീര്‍ പ്രശ്ത്തിലെ പ്രമേയവുമായി ബന്ധപ്പെട്ട് പാക് നിലപാടിനൊപ്പം നിന്ന അന്ദ്രാബിയെ ഷെരീഫ് അഭിനന്ദിച്ചു.
വനിതാ വിഘടനവാദി ഗ്രൂപ്പായ ദുക്തരണ്‍ ഇ മിലാതിന്റെ നേതാവായ അസിയ അന്ദ്രാബിയ്ക്കയച്ച കത്തിലാണ് സംഘടനയുടെ ലക്ഷ്യത്തിന് പാകിസ്ഥാന്റെ പിന്തുണ ഷെരീഫ് പ്രഖ്യാപിച്ചത്. പാകിസ്ഥാനിലെ സര്‍ക്കാര്‍ റേഡിയോയുടെ വെബ് സൈറ്റിലാണ് ഷെരീഫിന്റെ കത്ത് പ്രസിദ്ധീകരിച്ചത്.
തന്നെയും പാകിസ്ഥാനെയും സംബന്ധിച്ച് കാശ്മീര്‍ വെറുമൊരു അതിര്‍ത്തി തര്‍ക്കമോ ഭൂമിശാസ്ത്രപരമായ അവകാശവാദമോ അല്ലെന്നും മറിച്ച് 1947ല്‍ വിഭജനത്തിലേയ്ക്ക് നയിച്ച ധാരണകളുടെയും സാഹചര്യങ്ങളുടേയും ഭാഗമാണെന്നും ഷെരീഫ് കത്തില്‍ പറയുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കാശ്മീരിന് സ്വയംനിര്‍ണയാവകാശം നല്‍കേണ്ടതായിരുന്നു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ഈ നിലപാടിന് അനുകൂലമാണ്. കാശ്മീരികള്‍ക്ക് നല്‍കുന്ന രാഷ്ട്രീയവും നയതന്ത്രപരവും ധാര്‍മ്മികവുമായ പിന്തുണ പാകിസ്ഥാന്‍ തുടരുമെന്നും ഷെരീഫ് കത്തില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടീഷ് സന്ദര്‍ശനത്തിലുള്ള പ്രതിഷേധത്തെ ഫോണ്‍ മുഖേന അഭിസംബോധന ചെയ്യാനുള്ള ശ്രമത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്ദ്രാബിയെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്റ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14ന് ശ്രീനഗറില്‍ പാക് പതാക ഉയര്‍ത്തുകയും പാക് ദേശീയഗാനം ആലപിയ്ക്കുകയും ചെയ്ത അന്ദ്രാബിയ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നവംബര്‍ ഏഴിന് നരേന്ദ്ര മോദിയുടെ ശ്രീനഗര്‍ റാലിയ്‌ക്കെതിരെ പ്രതിഷേധിയ്ക്കാനുള്ള ശ്രമത്തിനിടയിലും ഇവരെ അറസ്റ്റ് ചെയ്തു.
സെപ്റ്റംബര്‍ 30നാണ് ഷെരീഫ് അന്ദ്രാബിയ്ക്ക് കത്തയച്ചത്. കാശ്മീര്‍ പ്രശ്‌നം പ്രധാന ചര്‍ച്ചാ വിഷയമാക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സെക്രട്ടറി തല ചര്‍ച്ച ഇന്ത്യ റദ്ദാക്കിയിരുന്നു. ഉലഞ്ഞിരിയ്ക്കുന്ന ബന്ധം കൂടുതാല്‍ വഷളാക്കാനായിരിയ്ക്കും നവാസ് ഷെരീഫിന്റെ നിലപാട് സഹായകമാവുകയെന്നതാണ് പൊതുവായ വിലയിരുത്തല്‍.
Discussion about this post