ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ ഇതുവരെ 413 പേർ കൊല്ലപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന. സംഘർഷത്തിൽ 3551 പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും ലോകാരോഗ്യ സംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. രാജ്യത്തെ സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലാണ് രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നത്. സുഡാനിലെ സ്ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നതാണെന്നും ഇവർ പറയുന്നു.
ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നത് സ്ഥിതിഗതികൾ രൂക്ഷമാക്കുന്നുണ്ട്. കുട്ടികളാണ് ഈ യുദ്ധത്തിൽ വലിയ വില കൊടുക്കേണ്ടി വരുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഈ മാസം 15ന് ശേഷം ആശുപത്രികൾ കേന്ദ്രീകരിച്ച് മാത്രം 10ഓളം ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നാണ് വിവരം. നിരവധി ആശുപത്രികൾ പ്രവർത്തനം അവസാനിപ്പിച്ചു, സമാനസാഹചര്യം നേരിടുന്ന നിരവധി ആരോഗ്യ സ്ഥാപനങ്ങളും സുഡാനിലുണ്ട്. ആരോഗ്യ സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുന്നത് സ്ഥിതിഗതികൾ രൂക്ഷമാക്കുമെന്നും മാർഗരറ്റ് ഹാരിസ് പറഞ്ഞു.
സുഡാനിലെ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ-ബുർഹാനും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് കമാൻഡർ മുഹമ്മദ് ഹംദാൻ ഡാഗ്ലോയും തമ്മിൽ ആഴ്ചകളായി നിലനിന്നിരുന്ന അസ്വാരസ്യമാണ് ഒടുവിൽ വലിയ ആക്രമണമായി പൊട്ടിത്തെറിച്ചത്. സുഡാന്റെ പല മേഖലകളിലും കനത്ത വ്യോമാക്രമണമാണ് നടന്ന് വരുന്നത്. വൈദ്യുതിയും പല മേഖലകളിലും വിച്ഛേദിച്ചിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഖാർത്തൂമിലും ഓംഡുർമാൻ നഗരത്തിലുമാണ് ആക്രമണം രൂക്ഷമായിരിക്കുന്നത്. ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post