സാവോ പോളോ: ആമസോൺ മഴക്കാടുകളിലെ ഖനന മാഫിയക്കെതിരായ പോരാട്ടത്തിന് ബ്രസീലിയൻ വനവാസി വനിതക്ക് ഗോൾഡ്മാൻ പുരസ്കാരം. 39 വയസുകാരിയായ അലെസാന്ദ്ര കൊറാപ് മുന്ദൂരുകുവിനാണ് പുരസ്കാരം. ആഗോള ഖനന ഭീമന്മാർക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നതിനാണ് പുരസ്കാരം.
അലെസാന്ദ്രയുടെ പോരാട്ടങ്ങളുടെ ഫലമായി വനവാസി മേഖലകളിൽ ഖനം നടത്താനുള്ള 27 അപേക്ഷകളാണ് കുത്തക ഭീമന്മാർ പിൻവലിച്ചത്. ലോകത്തിലെ ഏറ്റവും ശക്തമായ ഖനന കമ്പനിയായ ആംഗ്ലോ അമേരിക്കനെയാണ് ഒരു വനവാസി വനിതയുടെ പോരാട്ടം കൊമ്പുകുത്തിച്ചത്.
ഇത്രയും സ്വാധീന ശേഷിയുള്ള ബഹുരാഷ്ട്ര ഖനന മാഫിയകൾക്കെതിരെ പൊരുതാൻ തനിക്ക് കരുത്തുപകർന്നത് സ്വന്തം ആവാസ പ്രദേശം തന്നെയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അലെസാന്ദ്ര പറഞ്ഞു. കുത്തക ഭീമന്മാർ ശക്തന്മാരായാരിക്കാം. എന്നാൽ അവരേക്കാൾ അതിശക്തന്മാരാണ് തന്റെ നദികളും കാടുകളും ഭൂപ്രദേശവും. കഠിനാദ്ധ്വാനം ചെയ്യുന്ന ഉറുമ്പുകളും 500 വർഷമായി സ്വന്തം മണ്ണിന് വേണ്ടി പൊരുതുന്ന തന്റെ ജനതയും അതുല്യ ശക്തികളാണെന്നും അവർ പറഞ്ഞു.
2014 മുതലാണ് താൻ ഗോത്രമേഖലകളുടെ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങളിൽ സജീവമാകുന്നതെന്ന് അലെസാന്ദ്ര പറയുന്നു. മത്സ്യബന്ധനമായിരുന്നു തന്റെ ജനതയുടെ ഉപജീവന മാർഗം. എന്നാൽ പ്രദേശത്ത് സ്വർണ ഖനനം ശക്തമായതോടെ നദികളും ജലാശയങ്ങളും മലിനമാകുകയും മത്സ്യങ്ങൾ ചത്തൊടുങ്ങുകയും ചെയ്തു.
പട്ടിണിയിലായ ഒരു ജനതയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതായിരുന്നു തന്റെ ലക്ഷ്യം. നവമാദ്ധ്യമങ്ങളും അന്താരാഷ്ട്ര സംഘടനകളും ഇക്കാര്യത്തിൽ തനിക്ക് പിന്തുണ നൽകിയെന്നും അലെസാന്ദ്ര പറഞ്ഞു. പാർശ്വവത്കരിക്കപ്പെടുന്ന വനവാസി സമൂഹത്തിന് വേണ്ടിയുള്ള ഊർജ്ജസ്വലമായ പോരാട്ടങ്ങൾക്ക് പ്രചോദനമാണ് ഈ അംഗീകാരങ്ങളെന്നും അവർ പറയുന്നു.












Discussion about this post