തമിഴ്‌നാട്ടിൽ തൊഴിൽ സമയം 12 മണിക്കൂറായി ഉയർത്തുന്ന ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിയമസഭ പാസാക്കിയ ബില്ലിലൂടെ ആഴ്ചയിൽ നാല് ദിവസം ജോലിയും മൂന്ന് ദിവസം അവധിയും നൽകണമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സ്ത്രീകൾ അടക്കമുള്ളവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് പുതിയ നീക്കമെന്ന് പ്രതിപക്ഷം വിമർശിക്കുന്നു.
1948 ഫാക്ടറി നിയമത്തിൽ 65( a) എന്ന പുതിയ ചട്ടം ഉൾപ്പെടുത്തുന്ന ബില്ലാണ് തമിഴ്‌നാട് നിയമസഭ കഴിഞ്ഞദിവസം പാസാക്കിയത്. ഇത് പ്രകാരം ഫാക്ടറികളുടെ ആവശ്യാനുസരണം തൊഴിൽ സമയം എട്ടിൽ നിന്ന് 12 മണിക്കൂറായി ഉയർത്താം. നിലവിലുള്ള ചട്ടം 65 പ്രകാരം ചില കമ്പനികൾക്ക് മാത്രം 12 മണിക്കൂർ ജോലിസമയം ഉണ്ട്. എന്നാൽ പുതിയ ചട്ടത്തിലൂടെ ഏത് കമ്പനിക്കും 12 മണിക്കൂർ ഷിഫ്റ്റ് നടപ്പാക്കാം.
ആഴ്ച്ചയിൽ 48 മണിക്കൂർ എന്ന നിബന്ധന നിലനിൽക്കുമെന്നും അതിലൂടെ നാല് ദിവസം ജോലിയും, മൂന്ന് ദിവസം അവധിയും കിട്ടുമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ എട്ട് മണിക്കൂറിന് ശേഷം ശമ്പളത്തിൻറെ 20 ശതമാനം നൽകിയാൽ മതിയെന്ന ചട്ടം 65 നിലനിൽക്കുന്നതിനാൽ തൊഴിലാളികളുടെ മാസ വേദനത്തെ ബാധിക്കുമെന്നും, അവധി ലഭിക്കുന്ന ദിവസങ്ങളിൽ മറ്റ് ജോലികൾ തേടേണ്ട അവസ്ഥ വരുമെന്നാണ് പ്രതിപക്ഷത്തിൻറെ ആരോപണം. കോർപ്പറേറ്റുകളുടെ ആവശ്യാനുസരണമാണ് തമിഴ്‌നാട്ടിലെ സർക്കാർ നിയമനിർമാണം നടത്തുന്നതെന്ന ആരോപണവുമായി ഡിഎംകെ മുന്നണിയുടെ ഭാഗമായ സിപിഎമ്മും ആരോപിച്ചു.
Discussion about this post