തിരുവനന്തപുരം: ഉദ്ഘാടനത്തിനോടനുബന്ധിച്ച് വന്ദേ ഭാരത് ട്രെയിനിൽ കുട്ടികളുമായി നടത്തിയ ആശയവിനിമയത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അവിസ്മരണീയമായ ആശയവിനിമയം‘ എന്ന തലക്കെട്ടിലാണ് പ്രധാനമന്ത്രി വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
A memorable interaction on board the Vande Bharat Express. pic.twitter.com/Ym1KHM5huy
— Narendra Modi (@narendramodi) April 25, 2023
‘ഇനി വരുന്നൊരു തലമുറയ്ക്ക്‘ എന്ന കവിത പാടുന്ന കുട്ടിക്കരികിൽ സാകൂതം അത് കേട്ടുനിൽക്കുന്ന പ്രധാനമന്ത്രിയെ വീഡിയോയിൽ കാണാം. വന്ദേ ഭാരത് ട്രെയിനിന്റെയും സൈനികരുടെയുമൊക്കെ ചിത്രങ്ങളുമായി പ്രധാനമന്ത്രിക്ക് ചുറ്റും കൂടിയ കുട്ടികളെ ഓരോരുത്തരെയായി അദ്ദേഹം അടുത്തുവിളിച്ച് വിശേഷങ്ങൾ തിരക്കുകയും ചിത്രങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിക്കുന്നതും വീഡിയോയിൽ കാണാം.
ഹിന്ദിയിൽ സംസാരിക്കുന്ന കുട്ടിയോട് പ്രധാനമന്ത്രിയും ഹിന്ദിയിൽ തന്നെ സംസാരിക്കുന്നു. തന്റെ ഹിന്ദി നല്ലതാണല്ലോ എന്ന് കുട്ടിയെ അഭിനന്ദിക്കുന്ന പ്രധാനമന്ത്രി, സ്വച്ഛ് ഭാരതിനെ കുറിച്ച് കുട്ടി എഴുതിയ കവിത ചൊല്ലാൻ ആവശ്യപ്പെടുകയും കുട്ടി അത് ചൊല്ലുമ്പോൾ അഭിനന്ദിക്കുകയും ചെയ്യുന്നു. ഈ ട്രെയിൻ എങ്ങനെ ഉണ്ട്, വൃത്തിയുള്ളതാണോ എന്ന് പ്രധാനമന്ത്രി ചോദിക്കുമ്പോൾ, വളരെ വൃത്തിയുള്ളതാണ് എന്ന് കുട്ടി മറുപടി പറയുന്നു. വിമാനത്തിലേതിന് സമാനമായ സൗകര്യങ്ങളാണ് എന്ന് കുട്ടി പറയുമ്പോൾ, സന്തോഷത്തോടെ പ്രധാനമന്ത്രി തോളിൽ തട്ടി അഭിനന്ദിക്കുന്നു.
സ്വച്ഛ് ഭാരതിനെക്കുറിച്ച് സംസാരിക്കുന്ന മറ്റൊരു കുട്ടിയെ പ്രധാനമന്ത്രി തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നു. തന്റെ ചിത്രം വരച്ച മറ്റൊരു കുട്ടിയോട് ‘ഇത് ആരാണ്‘ എന്ന് പ്രധാനമന്ത്രി ചോദിക്കുമ്പോൾ, അങ്ങയെ വരച്ചതാണ് എന്ന് കുട്ടി പറയുന്നു. കുട്ടിയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും തന്റെ ഓട്ടോഗ്രാഫ് ചിത്രത്തിൽ ചാർത്തുകയും ചെയ്യുന്നു.
ആഗോള താപനവുമായി ബന്ധപ്പെട്ട ചിത്രം വരച്ച കുട്ടിയെയും പ്രധാനമന്ത്രി അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ച കുട്ടിയോട്, ‘തന്നെ എന്റെ ഉപദേശക ആക്കട്ടേ?‘ എന്ന് പ്രധാനമന്ത്രി തമാശരൂപേണ ചോദിക്കുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂർ എം പി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം കുട്ടികളുമായി സമയം ചിലവഴിക്കുന്നതും വീഡിയോയിലുണ്ട്.
Discussion about this post