തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മുമായി സഖ്യത്തിലേര്‍പ്പെടാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ പ്രസ്താവനക്കെതിരെ ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കേരള കോണ്‍ഗ്രസ് എമ്മുമായുള്ള സഖ്യ ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം മാണിയുടെ അഴിമതിക്കെതിരെ ശക്തമായ സമരം ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് ബി.ജെ.പി.ആദ്യം മാണി യു.ഡി.എഫ് വിട്ട് പുറത്തുവരട്ടെ. സഖ്യത്തെക്കുറിച്ച് അതിനുശേഷം ആലോചിക്കാമെന്നും ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ കൃഷ്ണദാസ് പറഞ്ഞു. മാണിയുമായുള്ള സഖ്യം അണികളില്‍ ആശങ്കക്ക് ഇടയാക്കുമെന്നാണ് കൃഷ്ണദാസിന്റെ നിലപാട്.
തിങ്കളാഴ്ചയാണ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി സഹകരിക്കാന്‍ തയാറാണെന്ന് വി. മുരളീധരന് പറഞ്ഞത്. ഒരു വ്യക്തി അഴിമതി ചെയ്തു എന്നതുകൊണ്ട് പാര്‍ട്ടിയെ എതിര്‍ക്കേണ്ട ആവശ്യമില്ല. തെക്കന്‍ ജില്ലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കേരളാ കോണ്‍ഗ്രസുമായി സഹകരിച്ച് ഭരണത്തില്‍ വരാന്‍ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
Discussion about this post