കൊല്ലം: മദ്യപിച്ചെത്തി ആശുപത്രിയിൽ അതിക്രമം കാണിച്ച റിയാലിറ്റി ഷോ താരം അറസ്റ്റിൽ. ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു, രോഗികളിരിക്കുന്ന കസേരയിൽ കയറി കിടന്നു. ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. രോഗികളേയും ജീവനക്കാരേയും ഇയാൾ അസഭ്യം പറഞ്ഞു. ജീവനക്കാർ ഇയാളെ പുറത്താക്കാൻ ശ്രമിച്ചതോടെയാണ് ആശുപത്രിയിൽ അതിക്രമം നടത്തിയത്.
ഉടനെ തന്നെ ആശുപത്രി അധികൃതർ ഈ വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി മധുവിനെ അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മധു വഴങ്ങിയില്ല. ഇതോടെ ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പിന്നീട് അമ്മയെ വിളിച്ച് വരുത്തി ഇയാളെ ജാമ്യത്തിൽ വിട്ടു.
Discussion about this post