മലിൻഡി: കെനിയയിൽ മതപ്രഭാഷകന്റെ വാക്ക് കേട്ട് പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 95 ആയി. പട്ടിണി കിടന്ന് മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന വിശ്വാസത്തിൽ ആഹാരവും വെള്ളവും ഉപേക്ഷിച്ച ക്രിസ്ത്യൻ ആരാധനാസംഘത്തിൽ പെട്ടവരാണ് മരിച്ചവരെല്ലാം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ‘ഗുഡ്ന്യൂസ് ഇന്റർനാഷണൽ ചർച്ച്’ എന്ന പേരിലുണ്ടാക്കിയ പ്രാർത്ഥനാസംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. പോൾ മക്കെൻസി എൻതംഗെ എന്നയാളാണ് മോക്ഷം പ്രാപിക്കാനും കർത്താവിനെ നേരിൽ കാണാനും പട്ടിണിമരണം ഉപദേശിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാടിനുള്ളിൽ മരണം കാത്ത് പട്ടിണി കിടന്ന 34ഓളം പേരെ അധികൃതർ ഇതിനോടകം രക്ഷപെടുത്തിയിട്ടുണ്ട്. പ്രദേശത്ത് കെനിയൻ സർക്കാർ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ഷാകഹോല വനത്തിന്റെ ഉള്ളിലാണ് വിശ്വാസികളായിട്ടുള്ള ആളുകൾ പട്ടിണി കിടന്നത്. ഷാകഹോല എന്ന വനത്തിനുള്ളിൽ പ്രവേശിച്ചാണ് ഇവർ പട്ടിണി കിടന്നത്. എണ്ണൂറ് ഏക്കറിലായി പരന്നു കിടക്കുന്ന വനത്തിന്റെ ഉള്ളിൽ വിശദമായ പരിശോധന നടത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ഇവിടെ നിന്ന് കുഴിമാടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആഴം കുറഞ്ഞ കുഴി കുത്തി മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. പ്രദേശത്തിന് സമീപത്ത് നിന്നും 112ഓളം പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ കണ്ടെത്താനുള്ളവരുടെ എണ്ണം 200 കടക്കുമെന്ന് കെനിയ റെഡ്ക്രോസ് പറഞ്ഞു. മക്കെൻസിയുടെ വിശ്വാസത്തിൽ പെട്ടവർ ഇനിയും ഉണ്ടെന്നും, ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു. മരിച്ചവരെ കുഴിച്ചിട്ടത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. അതേസമയം തന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ മക്കെൻസി നിഷേധിച്ചു. 2019ൽ തന്നെ ഈ സംഘടനയെ പിരിച്ച് വിട്ടതാണെന്നാണ് ഇയാളുടെ വാദം.












Discussion about this post