കണ്ണൂർ: സംസ്ഥാനത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിൽ നാല് പേർ മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പിൽ സ്‌കൂട്ടർ വൈദ്യുത പോസ്റ്റിലിടിച്ച് രണ്ട് പേർ മരിച്ചു. കാട്ടാമ്പള്ളി പീടിക സ്വദേശി അജീർ, ബന്ധു അഞ്ച് വയസ്സുകാരി റാഫിയ എന്നിവരാണ് മരിച്ചത്. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരികെ പോകുന്നതിനിടെയായിരുന്നു അപകടം.
തൃശൂർ നാട്ടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് ഇവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കാർ തിരൂരിലേക്ക് മടങ്ങുന്ന വഴിയാണ് ലോറിയുമായി കൂട്ടിയിടിക്കുന്നത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു.












