ലക്‌നൗ : ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പങ്കുണ്ടെന്ന് ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ (ഐഎംസി) തലവൻ മൗലാന തൗക്കീർ റാസ ഖാൻ. കേസിൽ യോഗി ആദിത്യനാഥിനെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി പ്രതിചേർക്കണമെന്നും റാസ ഖാൻ ആവശ്യപ്പെട്ടു.
വികാസ് ദുബെ ഏറ്റുമുട്ടൽ ഉൾപ്പെടെ ഇന്നുവരെ നടന്ന എല്ലാ ഏറ്റുമുട്ടലുകളിലും കുറ്റപ്പെടുത്തേണ്ടത് ഒരാളെ മാത്രമാണ്. അവരെ ഇല്ലാതാക്കുമെന്ന് ആദ്യം പറയുകയും പിന്നീട് അത് പ്രവർത്തിച്ച് കാണിക്കുകയും ചെയ്യുന്നയാൾക്കെതിരെ ക്രിമിനൽ കേസെടുക്കണം. ഇത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
‘മാഫിയ കോ മിട്ടി മേ മിലാ ദേംഗേ’ എന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. അതിന് ശേഷമാണ് ആതിഖ് അഹമ്മദ് കൊല്ലപ്പെട്ടത്. അതിനാൽ മാഫിയ ഡോണിനെ കൊല്ലാനുള്ള ക്രിമിനൽ ഗൂഢാലോചനയിൽ മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടെന്ന് മൗലാന പറയുന്നു.
ഒളിവിൽ പോയ ആതിഖിന്റെ ഭാര്യയ്ക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തുന്നതിനെതിരെയും മൗലാന പരാമർശം നടത്തി. ശരിഅത്ത് പ്രകാരം ഒരു വിധവയായ സ്ത്രീ 4 മാസവും 10 ദിവസവും ‘ഇദ്ദത്തിൽ’ കഴിയേണ്ടതുണ്ട്. ഈ സമയത്ത് ഇവർ മറ്റൊരാളെ മുഖം കാണിക്കാൻ പാടില്ല. ഷൈസ്തയെ കണ്ടെത്തിയാൽ ഒരിക്കലും അവരുടെ മുഖം പുറത്തുകാണിക്കരുത്. ഇദ്ദത്ത് കഴിയുന്നത് വരെ അവരെ വീട്ടുതടങ്കലിൽ വെയ്ക്കണമെന്ന് അപേക്ഷിക്കുന്നതായും റാസ ഖാൻ കൂട്ടിച്ചേർത്തു.
Discussion about this post