ജയ്പൂർ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 32 റൺസിനാണ് സഞ്ജുവും സംഘവും ധോനിപ്പടയെ വീഴ്ത്തിയത്. ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചെന്നൈ മൂന്നാം സ്ഥാനത്തേക്ക് വീണു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ 20 ഒവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. യശസ്വി ജയ്സ്വാളിന്റെ തകർപ്പൻ ബാറ്റിംഗാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ജയ്സ്വാൾ 43 പന്തിൽ 77 റൺസ് നേടി. ഓപ്പണിംഗ് വിക്കറ്റിൽ ബട്ട്ലർക്കൊപ്പം 8.2 ഓവറിൽ 86 റൺസിന്റെ കൂട്ടുകെട്ട് പടുത്തിയർത്തുവാനും ജയ്സ്വാളിന് സാധിച്ചു.
മദ്ധ്യ ഓവറുകളിൽ റണ്ണൊഴുക്ക് നിയന്ത്രിക്കാൻ ചെന്നൈ ബൗളർമാർക്ക് സാധിച്ചുവെങ്കിലും, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ധ്രുവ് ജുറെലും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേർന്ന് രാജസ്ഥാനെ 200 കടത്തുകയായിരുന്നു. ജുറെൽ 15 പന്തിൽ 34 റൺസും പടിക്കൽ 13 പന്തിൽ 27 റൺസും നേടി. ബട്ട്ലറും 27 റൺസെടുത്തു.
ചെന്നൈക്ക് വേണ്ടി തുഷാർ ദേശ്പാണ്ഡെ 2 വിക്കറ്റ് വീഴ്ത്തി. തീക്ഷണക്കും ജഡേജക്കും ഓരോ വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിംഗിൽ ചെന്നൈയുടെ പോരാട്ടം 20 ഓവറിൽ 6 വിക്കറ്റിന് 170 റൺസിൽ അവസാനിച്ചു. ഭേദപ്പെട്ട തുടക്കം ലഭിച്ചുവെങ്കിലും അത് മുതലാക്കാൻ ചെന്നൈക്ക് സാധിച്ചില്ല. സഞ്ജുവിന്റെ മികച്ച ക്യാപ്ടൻസിയുടെ കരുത്തിൽ രാജസ്ഥാൻ ബൗളർമാർ ചെന്നൈയെ വരിഞ്ഞുകെട്ടി. 3 ഓവറിൽ 22 റൺസ് വഴങ്ങി ആദം സാംപ 3 വിക്കറ്റ് വീഴ്ത്തി. അശ്വിന് 2 വിക്കറ്റ് ലഭിച്ചു. കുൽദീപ് യാദവ് 3 ഓവറിൽ 18 റൺസിന് ഒരു വിക്കറ്റെടുത്തു.
അവസാന നിമിഷം കത്തിക്കയറി 33 പന്തിൽ 52 റൺസ് നേടിയ ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് 47 റൺസ് നേടി. മറ്റ് ചെന്നൈ ബാറ്റ്സ്മാന്മാർക്കൊന്നും കാര്യമായി തിളങ്ങാൻ സാധിച്ചില്ല.
Discussion about this post