ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദി തല്ലിത്തകർത്ത ശേഷം തീയിട്ട് അക്രമികൾ. മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഇന്ന് പങ്കെടുക്കാനിരുന്ന ഒരു പരിപാടിയുടെ വേദിയാണ് അക്രമികൾ ഇന്നലെ നശിപ്പിച്ചത്. പ്രദേശത്ത് സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും മേഖലയിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ജിം ഉദ്ഘാടനവും കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയുമാണ് നടക്കാനിരുന്നത്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. അക്രമികൾ പരിപാടി നടക്കാനിരുന്ന ഹാളിനുള്ളിൽ കയറി കസേരകൾ തകർക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കായിക ഉപകരണങ്ങളും പരിപാടി നടക്കാനിരുന്ന വേദിയുമെല്ലാം ഇവർ തീയിട്ട് നശിപ്പിച്ചു. അതേസമയം പരിപാടി റദ്ദാക്കിയോ എന്ന കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയിട്ടില്ല.
സംരക്ഷിത വനങ്ങളും തണ്ണീർത്തടങ്ങളും കണ്ടെത്താൻ സർവേ നടത്തുന്നതിനെ എതിർക്കുന്ന ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയത്. സർക്കാർ നടത്തുന്ന ഒരു പരിപാടികളോടും സഹകരിക്കില്ലെന്നും, വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 4 വരെ ജില്ലയിൽ ബന്ദിന് ആഹ്വാനം ചെയ്യുമെന്നും ഫോറം പുറത്ത് വിട്ട പ്രസ്താവനയിൽ പ്രസ്താവനയിൽ പറയുന്നു.
Discussion about this post