ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനേയും കായികമന്ത്രി ഉദയനിധി സ്റ്റാലിനേയും അതിവിദഗ്ധമായി കബളിപ്പിച്ച് തട്ടിപ്പുകാരൻ. പാകിസ്താനിൽ നടന്ന വീൽ ചെയർ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആണെന്ന് അവകാശപ്പെട്ടാണ് രാമനാഥപുരം സ്വദേശിയായ വിനോദ് ബാബു എന്ന ഭിന്നശേഷിക്കാരൻ മുഖ്യമന്ത്രിയേയും കായികമന്ത്രിയേയും ചെന്ന് കണ്ടത്. വ്യാജ ട്രോഫിയും ഇയാൾ ഒപ്പം കരുതിയിരുന്നു. തട്ടിപ്പുകാരനാണെന്ന് മനസിലാകാതെ ഇയാൾക്ക് വലിയ സ്വീകരണമാണ് മുഖ്യമന്ത്രി നൽകിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്.
ഏറെ നാൾ വീട്ടിൽ നിന്ന് മാറി നിന്ന ഇയാൾ അടുത്തിടെ ഒരു ട്രോഫിയുമായാണ് നാട്ടിൽ തിരികെ എത്തിയത്. പാകിസ്താനിൽ നടന്ന ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാൻ പോയെന്നും, മത്സരത്തിൽ വിജയം നേടിയ ടീമിനെ നയിച്ചത് താനായിരുന്നു എന്നെല്ലാം ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നു. ഇതോടെ നാട്ടുകാർ വിനോദിന് വലിയ സ്വീകരണം നൽകുകയും വഴി നീളെ ഫ്‌ളക്‌സ് വയ്ക്കുകയും ചെയ്തു.
ഈ വിവരം അറിഞ്ഞ് പിന്നാക്ക വികസന വകുപ്പ് മന്ത്രി രാജകണ്ണപ്പനും വിനോദിന്റെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി അഭിമാനനേട്ടം സ്വന്തമാക്കിയ യുവാവിനെ മുഖ്യമന്ത്രിയുടെ അടുത്ത് എത്തിക്കുകയും ചെയ്തു. മുഖ്യമന്ത്രി പൊന്നാടയിട്ടാണ് വിനോദിനെ സ്വീകരിച്ചത്. കായികവകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനും ഇയാളെ അഭിനന്ദിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തട്ടിപ്പ് പുറത്ത വരുന്നത്.
പാസ്‌പോർട്ട് പോലും ഇല്ലാത്ത ഇയാൾ രാജ്യം വിട്ട് പോയിട്ടില്ലെന്നും കണ്ടെത്തി. നിലവിൽ ഇയാൾക്കെതിരെ ഐപിസി 406,420 വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളത്തരം നടത്തി പണം തട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യം. നിരവധി പേരിൽ ഇയാൾ ഈ പേര് പറഞ്ഞ് പണം തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post