ന്യൂഡൽഹി: പൊതുവേദിയിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന് ശക്തമായ മറപടി നൽകി ഇന്ത്യ. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും, ഇന്ത്യയുടെ ഭാഗമായി തന്നെ എക്കാലവും തുടരുമെന്നും യുഎന്നിൽ പെർമനന്റ് മിഷൺ കൗൺസിലർ പ്രതിക് മാതുർ ആവർത്തിച്ചു. വ്യാജ പ്രചാരണം നടത്തിയിട്ട് പ്രയോജനം ഇല്ലെന്നും മാതുർ ഓർമ്മിച്ചു.
ഒരിക്കലും വ്യാജ പ്രചാരണങ്ങൾക്കോ, പ്രൊപ്പഗാൻഡയ്‌ക്കോ സത്യത്തെ ഇല്ലാതാക്കാൻ കഴിയില്ല. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കുമെല്ലാം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതുപോലെ തന്നെ എക്കാലവും തുടരുകയും ചെയ്യും. അതിനാൽ വ്യാജ പ്രചാരണങ്ങൾ നടത്തിയിട്ട് കാര്യമില്ലെന്നും മാതുർ കൂട്ടിച്ചേർത്തു. വീറ്റോയിൽ ഇന്ത്യയുടെ നിലപാടും അദ്ദേഹം യുഎന്നിൽ വ്യക്തമാക്കി.
കഴിഞ്ഞ 75 വർഷക്കാലമായി യുഎന്നിലെ അഞ്ച് സ്ഥിര അംഗങ്ങളും രാഷ്ട്രീയ താത്പര്യങ്ങൾ നേടിയെടുക്കാനായി വീറ്റോ അധികാരം വിനിയോഗിക്കുന്നു. ഈ വിഷയത്തിൽ ആഫ്രിക്കൻ സഹോദരങ്ങളുടെ അഭിപ്രായത്തോട് യോജിക്കാതെ വയ്യ. വീറ്റോയിൽ കൂടുതൽ രാജ്യങ്ങൾക്ക് പങ്കാളിത്തം നൽകണം. നിലവിൽ രാജ്യങ്ങളുടെ പരമാധികാരം എന്ന സങ്കൽപ്പത്തിന് എതിരാണ് നിലവിലേതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎന്നിലെ പാകിസ്താന്റെ സ്ഥിരം പ്രതിനിധി മൂനീർ അക്രമാണ് കശ്മീർ വിഷയം ഉന്നയിച്ചത്. കശ്മീർ ഒരു അന്താരാഷ്ട്ര വിഷയമായി കണ്ട് ചർച്ച വേണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യം. നേരത്തെ യുഎൻ സുരക്ഷാ കൗൺസിലിലും പാകിസ്താൻ പ്രതിനിധി കശ്മീർ വിഷയം ഉന്നയിച്ചിരുന്നു. ഇതിന് ശക്തമായ മറുപടി ഇന്ത്യ നൽകുകയും ചെയ്തു.
Discussion about this post