അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ 2024 ജനുവരി 22ന് നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്. ക്ഷേത്രത്തിന്റെ നിർമ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. ക്ഷേത്ര ശ്രീകോവിലിന്റെ നിർമ്മാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കിയതിന് ശേഷം അടുത്ത ജനുവരിയിൽ ഭക്തർക്കായി തുറന്ന് നൽകുമെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം ക്ഷേത്രത്തിന്റെ രണ്ടാമത്തെ നിലയുടേയും മറ്റ് ഭാഗങ്ങളുടേയും നിർമ്മാണ പ്രവർത്തനങ്ങൾ അതിന് ശേഷവും തുടരും. ഭഗവാൻ ശ്രീരാമന്റേയും സീതാദേവിയുടേയും വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിനായി സാളഗ്രാമങ്ങളാണ് ഉപയോഗിക്കുന്നത്. ഇവ നേപ്പാളിൽ നിന്നാണ് എത്തിച്ചിരിക്കുന്നത്. കാളി ഗണ്ഡകി നദിയിൽ നിന്ന് കണ്ടെടുത്ത ഈ സാളഗ്രാമങ്ങൾക്ക് 60 ദശലക്ഷം വർഷം പഴക്കമുണ്ട്.
അഞ്ച് മുതൽ അഞ്ചര അടി ഉയരത്തിലായിരിക്കും ഭഗവാൻ ശ്രീരാമന്റെ വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്. രാമനവമി ദിനത്തിൽ ഭഗവാന്റെ നെറ്റിയിൽ സൂര്യകിരണങ്ങൾ നേരിട്ട് പതിക്കുന്ന തരത്തിലാണ് വിഗ്രഹം ക്രമീകരിക്കുന്നത്. അയോദ്ധ്യയിൽ വച്ച് തന്നെയാണ് വിഗ്രഹങ്ങളുടേയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിനുള്ളിൽ വിഗ്രഹം സ്ഥാപിക്കുമെന്ന് ക്ഷത്ര ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി മഹാരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post