ന്യൂഡൽഹി: 5 ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താന്റെ പങ്ക് സംശയിക്കുന്നതായി ജമ്മു കശ്മീർ പോലീസ്. ആക്രമണവുമായി ബന്ധപ്പെട്ട് 221 പേരെ ഇതുവരെ ചോദ്യം ചെയ്തു. ഇവരിൽ, അക്രമികൾക്ക് പലതരത്തിൽ സഹായം ചെയ്തു എന്ന് കണ്ടെത്തിയവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ആക്രമണത്തിന്റെ സൂത്രധാരന്മാർക്കും പിന്തുണ നൽകിയവർക്കും ഉടൻ തിരിച്ചടി നൽകാൻ സൈന്യം സജ്ജമാണെന്നും ജമ്മു കശ്മീർ ഡിജിപി വ്യക്തമാക്കി. പോലീസും സൈന്യവും സി ആർ പിഫും ചേർന്ന് സംയുക്ത സംഘം സത്വര നടപടികൾക്കായി രൂപീകരിച്ചു കഴിഞ്ഞു. വനത്തിലെ ഗുഹകളിലും ഭീകരർ ഒളിഞ്ഞിരിക്കാൻ സാദ്ധ്യതയുള്ള എല്ലാ ഇടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഏപ്രിൽ 20നാണ് ജമ്മു കശ്മീരിലെ പൂഞ്ചിൽ 5 സൈനികരുടെ വീരമൃത്യുവിന് കാരണമായ ഭീകരാക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഉപവിഭാഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ആണെന്ന് സൂചന ലഭിച്ചിരുന്നു. സൈനിക വാഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. ഭീകരവിരുദ്ധ ദൗത്യത്തിൽ പങ്കാളികളായിരുന്ന രാഷ്ട്രീയ റൈഫിൾസ് സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആയിരുന്നു ആക്രമണം.
Discussion about this post