ഇസ്ലാമാബാദ്: ലോകത്ത് ഏറ്റവും കൂടുതൽ കടക്കെണി അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട് പാകിസ്താൻ. 15 രാജ്യങ്ങളുടെ പട്ടികയിലാണ് പാകിസ്താനും സ്ഥാനം പിടിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ പെടാപാട് പെടുന്ന പാകിസ്താന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഇത്.
ബിസിനസ്സ് റെക്കോർഡറാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ ഏറ്റവും താഴ്ന്ന ആഭ്യന്തര വരുമാനമുള്ള രാജ്യങ്ങളിലാണ് പാകിസ്താൻ ഉൾപ്പെട്ടിരിക്കുന്നത്. 45 ശതമാനത്തിൽ താഴെ മാത്രമാണ് രാജ്യത്തിന്റെ വരുമാനം. ഇതിന് പുറമേ കടമായി വാങ്ങിയ ഭീമമായ തുക തിരിച്ചടയ്ക്കാനുമുണ്ട്. ഇതെല്ലാമാണ് കടക്കെണി അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താന് ഇടം നേടികൊടുത്തത്.
നിലവിലെ സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ തകർച്ചയിലേക്ക് നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധനായ അതീഖ് ഉർ റഹ്‌മാൻ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ മികച്ച സാമ്പത്തിക നയങ്ങൾ കൊണ്ടുവന്ന് നിലവിലെ പ്രശ്‌നങ്ങൾ പാകിസ്താൻ പരിഹരിക്കണം. ഈ സാമ്പത്തിക വർഷത്തിൽ ബാഹ്യ സാമ്പത്തിക ആവശ്യങ്ങൾക്കായി പാകിസ്താന് 40 ബില്യൺ ഡോളർ ആവശ്യമാണ്. അതേസമയം തന്നെ പാകിസ്താന് പലിശയുൾപ്പെടെ 30 ബില്യൺ ഡോളർ കടം അടച്ച് തീർക്കേണ്ടതുമുണ്ട്. ഇത് രാജ്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ലോകം ഉറ്റു നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ സമസ്ഥ മേഖലയിലും ചിലവ് ചുരുക്കൽ അനിവാര്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post