റാഞ്ചി: ഝാർഖണ്ഡിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകരാക്രമണം. വയോധിക കൊല്ലപ്പെട്ടു. പടിഞ്ഞാറൻ സിംഗ്ഭൂമിൽ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്.
60 കാരിയായ ഗാംഗി സുരിൻ ആണ് കൊല്ലപ്പെട്ടത്. ജമർഗന്ധ വനമേഖലയിൽ ആയിരുന്നു സംഭവം. ഇവിടെ ഭീകരർ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഐഇഡി സ്ഥാപിച്ചിരുന്നു. ഇത് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
വനമഖലയിലേക്ക് ഇല ശേഖരിക്കാനായി പോയതായിരുന്നു ഗാംഗി. ഇവർക്കൊപ്പം പ്രദേശവാസികളായ മറ്റ് സ്ത്രീകളും ഉണ്ടായിരുന്നു. ഇല ശേഖരിച്ച് മടങ്ങുന്നതിനിടെ ഗാംഗി ഭീകരർ സ്ഥാപിച്ച ഐഇഡിയിൽ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. ഉടനെ ഉഗ്ര സ്‌ഫോടനത്തിൽ ഇത് പൊട്ടിത്തെറിച്ചു.
ശബ്ദം കേട്ട് മറ്റുള്ളവർ ഓടിക്കൂടിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ ഗാംഗിയെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും തന്നെ മരണം സംഭവിച്ചിരുന്നു. ഭീകരാക്രമണമുണ്ടായ വിവരം അറിഞ്ഞ് സിആർപിഎഫ് സംഘം പ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നാണ് സിആർപിഎഫിന് ലഭിച്ചിരിക്കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നീക്കങ്ങൾ ആരംഭിച്ചു.
Discussion about this post