ചിന്നക്കനാൽ: മാസങ്ങളായി ചിന്നക്കനാലിലെ ജനങ്ങളുടെ പേടി സ്വപ്‌നമായിരുന്ന അരിക്കൊമ്പനെ ഒടുവിൽ വനം വകുപ്പ് മയക്കുവെടി വെച്ച് മയക്കി. നാല് ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെ അഞ്ച് മയക്കുവെടികളിലാണ് ആന മയങ്ങിയത്. രാവിലെ തുടങ്ങിയ ദൗത്യത്തിനൊടുവിൽ ഉച്ചയ്ക്ക് 3 മണിയോടെയാണ് ആന പൂർണമായി മയങ്ങിയെന്ന് സ്ഥിരീകരിച്ചത്.
സൂര്യനെല്ലി ഭാഗത്ത് നിന്ന് സിമന്റ് പാലത്തിലെത്തിയതോടെ രാവിലെ 11.54 നാണ് ആദ്യ മയക്കുവെടി വെച്ചത്. 12.45 ന് ബൂസ്റ്റർ ഡോസും നൽകി. ആദ്യ വെടിയേറ്റ് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ആന പൂർണമായി മടങ്ങിയില്ലെന്ന് ബോദ്ധ്യമായതോടെയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീണ്ടും വീണ്ടും ബൂസ്റ്റർ ഡോസുകൾ നൽകേണ്ടി വന്നത്. ദൗത്യം വൈകുന്നത് കൂടുതൽ വെല്ലുവിളിയാകുമെന്നും ഇത്രയും സന്നാഹങ്ങൾ ഒരുക്കി മറ്റൊരു ദിവസം കാത്ത് നിൽക്കാനാകില്ലെന്നതും കണക്കിലെടുത്താണ് കൂടുതൽ ബൂസ്റ്റർ ഡോസുകൾ നൽകിയത്.
ആനയെ വാഹനത്തിൽ കയറ്റാൻ പാകത്തിന് റോഡിന് ഏകദേശം മുക്കാൽ കിലോമീറ്ററോളം അടുത്തെത്തിച്ച ശേഷമാണ് ആദ്യ വെടിയുതിർത്തത്. വെടിയേറ്റ ശേഷവും ആന പിന്നെയും സഞ്ചരിച്ചു. ആനയുടെ സഞ്ചാരം റോഡിന് സമാന്തരമാകാനും കാട്ടിലേക്ക് തിരിച്ചുകയറുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു.
ആന ഏറെക്കുറെ മയങ്ങിയെന്ന് ബോധ്യപ്പെട്ടതോടെ കുങ്കിയാനകളെ പ്രദേശത്തേക്ക് എത്തിച്ചു. കുങ്കിയാനകൾ ചുറ്റും നിന്ന് അരിക്കൊമ്പനെ റോഡിന് സമീപത്തേക്ക് തന്നെ കൊണ്ടുവരാനായി പിന്നീട് ശ്രമം. കുങ്കിയാനകൾക്കൊപ്പം പതുക്കെ ചലിച്ചു തുടങ്ങിയ അരിക്കൊമ്പൻ ഇടയ്ക്കിടെ താൻ പൂർണമയക്കത്തിൽ അല്ലെന്ന കൃത്യമായ സൂചനകളും നൽകി. ചെവിയുടെ ആട്ടം പൂർണമായി നിൽക്കുകയും തുമ്പിക്കൈ താഴ്ത്തിയിടുകയും ചെയ്യുമ്പോഴാണ് ആനകൾ പൂർണ മയക്കത്തിലായെന്ന് ഉറപ്പിക്കാനാകുക. ഇടയ്ക്ക് കുങ്കിയാനകളെ വെട്ടിച്ച് പിന്നിലേക്ക് നടന്നതും ദൗത്യസംഘത്തിൽ ആശങ്ക സൃഷ്ടിച്ചു. പിന്നീലേക്ക് നടക്കാൻ തുടങ്ങിയതോടെ മറ്റൊരു കുങ്കിയാനയെ വശങ്ങളിലൂടെ കടത്തിവിട്ട് അതിന് തടയിടുകയായിരുന്നു.
ഇടയ്ക്ക് ആനയുടെ കാലിൽ വടം ബന്ധിച്ചുവെങ്കിലും ഇത് അരിക്കൊമ്പൻ ഊരിക്കളഞ്ഞിരുന്നു. 3.15 ഓടെ പൂർണമായി മയങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം ആനയ്ക്ക് സമീപമെത്തി വീണ്ടും വടം കാലിൽ ബന്ധിച്ചു. ആനയ്ക്ക് ഘടിപ്പിക്കാനുളള ജിപിഎസ് കോളറും ഇതിനോടകം എത്തിച്ചിരുന്നു. പൂർണമായി മയക്കത്തിലായ അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിലേക്ക് മാറ്റാനുളള ശ്രമങ്ങൾ തുടരുകയാണ്.
Discussion about this post